കൊച്ചി മെട്രോ നിർമാണത്തിന്റെ മറവിൽ എളംകുളം മെട്രോ സ്റ്റേഷന് സമീപം കായൽ നികത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോയുടെ മാലിന്യങ്ങൾ ഇട്ട് കായൽ നികത്തുന്നുവെന്നാണ് വീഡിയോ സഹിതം സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
ഈ സ്ഥലം കെഎംആർഎലിന്റെ അധീനതയിൽ പെടുന്നതല്ലെന്നും കൊച്ചി കോർപറേഷന് തിരികെ നൽകിയതാണെന്നും കെഎംആർഎൽ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. കായൽ നികത്തുന്നതിനായി കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായും പിന്നീട് ഇത് മറയ്ക്കാൻ മുകളിലേക്ക് ചെളി കോരിയിടുകയും ചെയ്യുന്നതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സ്ഥലം കൊച്ചി കോർപറേഷന്റെ അധീനതയിലുള്ളതാണ്.
മെട്രോയുടെ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആർസി) ഉപകരാറുകാരായ മക്നല്ലി ഭാരത് എൻജിനീയറിംഗ് ഈ സ്ഥലം പാട്ടത്തിന് എടുത്തിരുന്നു. 2018 ജനുവരിയിൽ സ്ഥലം കൊച്ചി കോർപറേഷന് അവർ മടക്കി നൽകി. ഇത് വ്യക്തമാക്കി ഡിഎംആർസിയ്ക്കും കത്ത് നൽകിയിട്ടുണ്ട്.
കാലവർഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളാണ് കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ ഇപ്പോൾ ആ ഭൂമിയിൽ നടക്കുന്നതെന്നും കെഎംആർഎൽ പറയുന്നു. ആഴം കൂട്ടലിന്റെ ഭാഗമായി കായലിൽ നിന്നെടുത്ത ചെളിയാണ് അവിടെ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഉണങ്ങിയശേഷം അവിടെനിന്ന് മാറ്റുമെന്നാണ് വിവരം ലഭിച്ചതെന്നും കെഎംആർഎൽ അറിയിച്ചു.