പരവൂർ : മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പരവൂര്‍ നഗരസഭാപരിധിയില്‍ നിന്ന് ഒരു ടണ്ണിലധികം ജൈവമാലിന്യം ശേഖരിച്ചു. ഹരിതചട്ടം മറികടന്ന് അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച സ്ഥാപനങ്ങളില്‍ നിന്ന് 1,18,000 രൂപ പിഴയും ഈടാക്കി. നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലരോഗ പ്രതിരോധം കൂടി മുന്‍നിര്‍ത്തി സുശക്ത നടപടികളാണ് സ്വീകരിക്കുന്നത്.
32 വാര്‍ഡുകളിലെ പാതയോരങ്ങള്‍, മാര്‍ക്കറ്റ്, പാലങ്ങള്‍, സര്‍ക്കാര്‍ നിര്‍മിത ഫ്ളാറ്റ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം തുടരുകയാണ്. കുടുംബശ്രീ-ഹരിതകര്‍മസേനാ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പ്രവത്തനങ്ങള്‍ നടക്കുന്നത്. എല്ലാ കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി പുക്കുളം സുനാമി കോളനി, ബീച്ച് റോഡിലെ ചീപ്പ് പാലം, പരവൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളും ശുചീകരിച്ചു.
സമാന്തരമായി ആരോഗ്യ വകുപ്പില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ സ്ക്വാഡുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ ശേഖരിച്ച് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. മഴക്കാലപൂര്‍വ രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച ലഘുലേഖകളുടെ വിതരണവും നടത്തുന്നു. ശേഖരിച്ച 180 കിലോയോളം പ്ലാസ്റ്റിക്ക് മാലിന്യം വൃത്തിയാക്കി സംസ്കരണശാലയിലേക്ക് മാറ്റി.
വായു കടത്തിവിട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്ന എയറോബിക് ബിന്‍ സാങ്കേതിക വിദ്യയാണ് പ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രി, കല്ലുംകുന്ന്-പുക്കുളം സുനാമി ഫ്ളാറ്റുകള്‍ എന്നിവിടങ്ങളിലാണ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍. കല്യാണ മണ്ഡപങ്ങള്‍, വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നഗരസഭയുടെ നിര്‍ദ്ദേശാനുസരണം സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാത്രിയിൽ ് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭാ ജീവനക്കാരെ ഉള്‍പ്പെടുത്തി നൈറ്റ് സ്ക്വാഡും പ്രവര്‍ത്തിക്കുന്നു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശുചിത്വ-ആരോഗ്യ സമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് നഗരസഭാ ചെയര്മാന് കെ പി കുറുപ്പ് വ്യക്തമാക്കി.