തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 വീതി കൂട്ടുന്ന പ്രവൃത്തിക്ക് കെഎസ്ഇബി തടസം നില്ക്കുന്നതായായി ആക്ഷേപം. റോഡ് വീതികൂട്ടുന്ന ഭാഗത്തെ വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറും മാറ്റി സ്ഥാപിക്കുന്നതിന് മൂന്നു മാസം മുമ്പു തന്നെ തളിപ്പറമ്പ് നഗരസഭ പണം കെട്ടിവച്ചിട്ടും ഇതുവരെയായി ഇതിനുളള നടപടികളൊന്നും കെഎസ്ഇബി സ്വീകരിക്കാത്തതിനാല്‍ പോസ്റ്റുകള്‍ നിലനിര്‍ത്തി ടാറിംഗ് പൂര്‍ത്തിയാക്കേണ്ട അവസ്ഥയാണ്.
സംസ്ഥാനപാതയുടെ വികസനത്തിന് കുതിപ്പേകിയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്ത് റോഡ് ഇരട്ടിപ്പിച്ച് വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചത്. മലയോരത്തു നിന്നടക്കം താലൂക്ക് ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, ബ്ലോക്ക് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മറ്റുമായി നിവധിപേരാണ് ഇവിടെ എത്തിച്ചേരുന്നത്.
റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും രണ്ടു ദിശയിലേക്കുമുളള ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് ഒരേ സ്ഥലത്തു തന്നെ നിര്‍ത്തിയിടുന്നതും കാരണം ഗതാഗതകുരുക്ക് രൂക്ഷമായതിനാല്‍ നിരവധി കാലത്തെ ശ്രമഫലമാണ് റോഡ് വികസനം സാധ്യമാക്കിയത്. തളിപ്പറമ്പ് എംഎല്‍എയുടെ ശ്രമഫലമായി വികസന പദ്ധതിക്ക് 35 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
റോഡിന്റെ ഇരുവശവും വീതികൂട്ടി ടാര്‍ ചെയ്യാൻ ആരംഭിച്ചുവെങ്കിലും ഇവിടെയുളള വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറും മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി തയ്യാറായിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ തന്നെ തളിപ്പറമ്പ് നഗരസഭ ഇതിനായി 1,92,000 രൂപ കെഎസ്ഇബിയില്‍ അടച്ചിരുന്നു.
ഇതിനു ശേഷം എംഎല്‍എ ഉള്‍പ്പെടെയുളള ജനപ്രതിനിധികള്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും കെഎസ്ഇബി കരിമ്പം സെക്ഷൻ പോസ്റ്റ് മാറ്റിയിടുന്നതിന് നടപടി സ്വീകരിച്ചില്ല. മാസങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കു വേണ്ടി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുമ്പോള്‍ റോഡ് വികസനം മുന്നില്‍ കണ്ട് പരമാവധി അരികിലായി സ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോഴും അസിസ്റ്റന്റ് എന്‍ജിനിയറുടെ ഭാഗത്തു നിന്നും ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. റോഡിനോട് ചേര്‍ന്നാണ് അന്നും പോസ്റ്റ് സ്ഥാപിച്ചത്.