മാള: മോഹൻലാലിന്റെ ‘ഇട്ടിമാണി’യിലൂടെ മാളക്കാരുടെ മെഗാ മാർഗംകളി സിനിമയിലേക്ക്. മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയുടെ പാരിഷ് ഹാൾ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ മാർഗംകളിയാണ് മോഹൻലാൽ നായകനാകുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന സിനിമയുടെ ഭാഗമാകുന്നത്.
മാർഗംകളിയുടെ ഷൂട്ടിംഗ് ഇന്നലെ മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തു നടന്നു. മോഹൻലാലും ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുന്പാവൂരും എത്തിയിരുന്നു.
മാർഗംകളിയിൽ മോഹൻലാലും വേഷമിട്ടു. സലിംകുമാർ, അരിസ്റ്റോ സുരേഷ്, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവരും പങ്കാളികളായി. മാള സ്വദേശികളായ ജിബി, ജോജു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’.
മാളയിലെ മെഗാ മാർഗംകളിയുടെ വിശേഷങ്ങൾ സംവിധായകൻ ജിബി, മോഹൻലാലുമായി നേരത്തേ പങ്കുവച്ചിരുന്നു. ഇതാണ് മാർഗംകളി മോഹൻലാലിന്റെ സിനിമയിലെത്താൻ കാരണം. ഇന്നലെ നടന്ന ഷൂട്ടിംഗിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഡാൻസ് മാസ്റ്റർ പ്രസന്നയുടെ നേതൃത്വത്തിൽ ഇവിടെ പരിശീലനം നടത്തിയിരുന്നു.
മെഗാ സ്ക്രീനിലെ പ്രിയതാരത്തെ നേരിൽ കാണാനായി നിരവധി പേരാണ് ഇന്നലെ രാവിലെ മുതൽ എത്തിച്ചേർന്നത്. രാവിലെ 10.30ന് എത്തിയ മോഹൻലാൽ തന്റെ ഭാഗം ചിത്രീകരണം പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ മാളയിൽനിന്നു മടങ്ങി.
മാർഗംകളിയിൽ പങ്കെടുത്തവരോടൊപ്പം സെൽഫിയെടുക്കാനും അദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചു. കഴിഞ്ഞ നവംബറിലാണ് സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ഇടവകയിലെ കുടുംബ സമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ 320 പേരെ പങ്കെടുപ്പിച്ച് മാർഗംകളി ഒരുക്കിയത്.