പയ്യന്നൂര്‍: വായ്പ വാങ്ങിയ പണത്തിന് പകരം അമ്മയുടെ പേരിലുള്ള ചെക്കില്‍ മകന് ഒപ്പിട്ടു നല്കി വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു.കരിവെള്ളൂര്‍ സ്വദേശി രാജേഷിന്റെ പരാതിയിലാണ് പിലാത്തറ യുപി സ്കൂളിന് സമീപത്തെ പി.സുരേശന്, മാതാവ് പി.ജാനകി എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തത്.
2014 ജൂലൈ 12ന് തിരിച്ചുതരാമെന്ന ഉറപ്പില്‍ ഒരുമാസം മുമ്പ് പരാതിക്കാരനില്‍നിന്ന് സുരേശന് 60,000 രൂപ വായ്പ വാങ്ങിയിരുന്നു. പകരമായി നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ചെറുതാഴം ശാഖയിലെ ചെക്ക് നല്കി. എന്നാല്‍ മതിയായ തുക അക്കൗണ്ടിലില്ലെന്ന കാരണത്താല്‍ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് പയ്യന്നൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നടന്നിരുന്നു.
ചെക്ക് സുരേശന്റേതല്ല എന്ന കാരണത്താല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ സുരേശന് അമ്മയുടെ പേരിലുള്ള ചെക്കാണ് ഒപ്പിട്ടുനല്കിയതെന്ന് മനസിലായതിനെ തുടര്‍ന്നാണ് എം.വി.അമരേശന്‍ മുഖേന പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇതേത്തുടര്‍ന്നാണ് സുരേശനെതിരേയും കുറ്റകൃത്യത്തിന് കൂട്ടുനിന്ന അമ്മയ്ക്കെതിരെയും കോടതി നിര്‍ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.