സ്വന്തം ലേഖകന്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയതത് ഏഴ് ലക്ഷം ഉപഭോക്താക്കള്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍ഇഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിയിലൂടെ ഇതുവരെ 47 ലക്ഷം എല്‍ഇഡി ബള്ബുകള്ക്കായാണ് ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് ജൂണ്‍ 30 വരെ രജിസ്ട്രേഷന് നീട്ടിയതായി കെഎസ്ഇബി അറിയിച്ചു.
സര്‍ക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. കാര്യക്ഷമമായ ഊര്‍ജ ഉപഭോഗത്തിലൂടെ ഊര്ജലഭ്യത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കും സിഎഫ്എല്ലുകള്‍ക്കും പകരം ഊര്‍ജക്ഷമത കൂടിയതും കൂടുതല്‍ പ്രകാശം നല്‍കുന്നതുമായ എല്‍ഇഡി ബള്‍ബുകള്‍ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി കെഎസ്ഇബി വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള എല്‍ഇഡി ബള്‍ബുകള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. വില തവണകളായി വൈദ്യുതി ബില്ലിനോടൊപ്പം അടക്കുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സംഘങ്ങളുടേയും സഹായത്തോടെ ഉപഭോക്താക്കളുടെ കൈവശമുള്ള സാധാരണ ബള്‍ബുകളും സിഎഫ്എല്ലുകളും തിരിച്ചെടുത്ത് സുരക്ഷിതമായി നശിപ്പിക്കാനും ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട് .
ബള്‍ബുകള്‍ ആവശ്യമുള്ളവര്‍ക്ക് http://wss.kseb.in എന്ന വെബ്സൈറ്റ് വഴിയോ, മീറ്റര്‍ റീഡര്‍ മുഖേനയോ സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ചെയ്യാം. ആവശ്യമുള്ള എല്‍ഇഡി ബള്‍ബുകളുടെയും തിരികെ നല്‍കാനുള്ള ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകളുടെയും എണ്ണം എന്നിവയാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. ഒരാള്‍ക്ക് 20 ബള്‍ബുകള്‍ വരെ ലഭിക്കും.
മേയ്, ജൂണ്‍ മാസങ്ങളില്‍ ഇവ വിതരണംചെയ്യും. ഫിലമെന്റ്, ഫ്ലൂറസെന്റ് ബള്‍ബുകള്‍ക്കുപകരം ഒന്‍പത് വോള്‍ട്ട് എല്‍ഇഡി ബള്‍ബുകളാകും നല്‍കുക.