ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വലിയ വിവാഹത്തിരക്ക് അനുഭവപ്പെട്ടു. വിവാഹത്തിരക്കേറിയിതും റോഡുകളിൽ നിർമാണ പ്രവർത്തി നടക്കുന്നതും കാരണം നഗരം ഉച്ചവരെ ഗതാഗതക്കുരുക്കിൽപെട്ടു.177 വിവാഹങ്ങളും 697 ചോറൂണ് വഴിപാടുമാണ് ഇന്നലെ ക്ഷേത്രസന്നിധിയിൽ നടന്നത്.
ഇടവമാസത്തിലെ മുഹൂർത്തം കൂടുതലുള്ള ഞായറാഴ്ചയിൽ ക്ഷേത്രപരിസരം വിവാഹ പാർട്ടിക്കാരെക്കൊണ്ട ് നിറഞ്ഞു. രാവിലെ മുതൽ 12വരെ മൂന്നു മണ്ഡപങ്ങളിലുമായാണ് വിവാഹങ്ങൾ നടന്നത്. വിവാഹ മണ്ഡപത്തിനു സമീപത്തേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വധൂവരന്മാർക്ക് തിരക്ക് കൂടാതെ മണ്ഡപത്തിലേക്കെത്താനായി.
ദർശനത്തിനും വൻ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ദർശനത്തിനു നീണ്ട വരിയാണുണ്ടായിരുന്നത്. കാന നിർമാണത്തിന്റെ ഭാഗമായുള്ള നിർമാണങ്ങൾ നടക്കുന്നതിനാൽ ഒൗട്ടർ റിംഗ് റോഡ് പൂർണമായും ഗതാഗതക്കുരുക്കിലായി. ഉച്ചവരെ കിഴക്കേനട മുതൽ പടിഞ്ഞാറെ നടവരെയും മമ്മിയൂർ ജംഗ്ഷനിലും ഗതാഗതക്കുരുക്കനുഭവപെട്ടു. എന്നാൽ വണ്വെ സംവിധാനം ഏർപ്പെടുത്തിയ ഇന്നർ റിംഗ് റോഡിൽ ഇന്നലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.
അമൃത് പദ്ധതിയുടെ കാന പണി നടക്കുന്നതിനാൽ റോഡുകൾ പൊളിച്ചിട്ടതാണു ഗതാഗതക്കുരുക്ക് കൂടാൻ കാരണമായത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനു പോലീസിന് നന്നേ കഷ്ടപ്പെടേണ്ട ിവന്നു. ക്ഷേത്രത്തിലും പരിസരത്തേയും തിരക്ക് പോലീസും ദേവസ്വം സുരക്ഷാ ജീവനക്കാരും ചേർന്ന് നിയന്ത്രിച്ചു.
45 ലക്ഷത്തിന്റെ വഴിപാടുകൾ
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നലെ 45 ലക്ഷത്തോളം രൂപയുടെ വഴിപാടുകളാണു ഭക്തർ നടത്തിയത്. തുലാഭാരത്തിന്റെ വഴിപാടായി 18,59,600 രൂപയും ശ്രീലകത്ത് നെയ് വിളക്ക് ശീട്ടാക്കി തൊഴുന്നതിനായി 7,80,000 രൂപയും ദേവസ്വത്തിനു ലഭിച്ചു.1000 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി 564 പേരും 4500 രൂപയുടെ നെയ്വിളക്ക് ശീട്ടാക്കി 48 പേരും ദർശനം നടത്തി.
5,27,940 രൂപയുടെ പാൽപായസമാണ് ഭക്തർ ഇന്നലെ ശീട്ടാക്കിയത്. 3,20,580 രൂപ നെയ്പായസം വഴിപാടിനത്തിലും ലഭിച്ചു. ഇതിനുപുറമെ സാധാരണ വഴിപാടുകളും വിവാഹം, ചോറൂണ് എന്നിവ ശീട്ടാക്കുന്നതിലൂടെയുള്ള വഴിപാടുകളുമായി 45 ലക്ഷത്തിലേറെ രൂപയുടെ വഴിപാടുകളാണ് ഭക്തർ നടത്തിയത്. വൈശാഖ മാസവും അവധിക്കാലവും ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.