എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞു എക്സിറ്റ് പോൾ ഫലങ്ങളും വന്നു. ഇനി അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പ്. ഇന്നേയ്ക്ക് മൂന്നാം ദിനം ഭാരതം ആര് ഭരിക്കുമെന്ന് അറിയാം. എക്സിറ്റ് പോൾ ഫലങ്ങളിൽ സംസ്ഥാനത്ത് യുഡി.എഫ് തരംഗമെന്ന കണക്കുകൾ അവർക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്.
എൽ.ഡി.എഫിന് സീറ്റു കൂടുതൽ പ്രവചിച്ചതാകട്ടെ സിഎൻഎൻ ന്യൂസ് 18 മാത്രം. ബാക്കി സർവേകളെല്ലാം യു.ഡി.എഫിനാണ് കൂടുതൽ സീറ്റ് പ്രവചിക്കുന്നത്. എല്ലാ സർവേകളിലും ഇത്തവണ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് പറയുന്ന്. ഒരു സർവേ ഒന്നു മുതൽ മൂന്നൂസീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്ന പ്രവചനമാണ് നടത്തിയിരിക്കുന്നത്.
വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ എല്ലാപേരും കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ്. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമുള്ള വിധിയെഴുത്ത് അറിയാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിജയാഹ്ളാദം ആഘോഷമാക്കാൻ പടക്കങ്ങളും കോടി തോരണങ്ങളും മധുര വിതരണത്തിനുമുള്ള എല്ലാ സജീകരണങ്ങളും റെഡിയായി കഴിഞ്ഞു.
23ന് വിതരണം ചെയ്യാനായി രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറമുള്ള ലഡുവരെ ഓർഡർ ചെയ്തു കഴിഞ്ഞു. വിജയാഹ്ളാദം ആഘോഷമാക്കാൻ പരമാവധി പ്രവർത്തകരെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഏർപ്പെടുത്തും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ ഇന്നു മുതൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും രാത്രികാല പെട്രോളിംഗ് ശക്തമാക്കാനും നിർദ്ദേശം നൽകി കഴിഞ്ഞു.
മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് ജില്ലയിൽ തണ്ടർബോൾട്ട് അടക്കമുള്ള വലിയ സുരക്ഷയാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ ദിവസം ഒരു തരത്തിലുമുള്ള അക്രമ സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സഹകരണം തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർഥിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മുന്നു മുന്നണികളുടേയും പാർട്ടി ഓഫീസുകളിൽ വോട്ടെണ്ണൽ വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. വോട്ടെണ്ണലിന് മുന്പ് സ്ഥാനാർഥികളുടെ ആരാധനാലയങ്ങൾ അടക്കമുള്ള സന്ദർശനങ്ങളും തുടരുകയാണ്. തങ്ങളുടെ സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തകരുടെ വഴിപാടുകളും ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്നുണ്ട്.
23ന് രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. വിവിപാറ്റ് രസീതുകൾ കൂടി എണ്ണിയ ശേഷമെ അന്തിമ ഫല പ്രഖ്യാപനം ഉണ്ടാകു. രാത്രി പത്തുമണിവരെ അന്തിമ ഫല പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിക്കുന്നത്. വിവിപാറ്റ് രസീതുകൾ കൂടി എണ്ണിയ ശേഷം മാത്രമെ ഫല പ്രഖ്യാപനം ഉണ്ടാകു. അതിനാൽ ലീഡ് നിലയ്ക്കനുസരിച്ചുള്ള ആഹ്ലാദങ്ങൾക്ക് പരിമിതികളുണ്ട്.
എന്തായാലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റ് ആർക്ക് ലഭിക്കുമെന്ന് അറിയുന്നതിനും രാജ്യം ആരു ഭരിക്കുമെന്ന് അറിയുന്നതിനായി 23 അർധ രാത്രിവരെ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകൾ തന്നെയാണുള്ളത്. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടേയും വോട്ടണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടേയും യോഗം ഒരോ മണ്ഡലത്തിലേയും വരണാധികാരിയായ ജില്ലാ കളക്ടർമാർ വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിലുയരുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കുക.