തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലെ പ്രധാന കണ്ണിയായ അഭിഭാഷകന്റെ പിന്നിൽ മുംബൈയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ലോബിയെന്ന് ഡിആർഐക്ക് വിവരം ലഭിച്ചു. ഒളിവിൽ കഴിയുന്ന അഭിഭാഷകൻ ബിജുവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കടത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ബന്ധങ്ങൾ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
വിദേശത്ത് നിന്നും വിമാനത്താവളം വഴി തിരുവനന്തപുരത്തെത്തിക്കുന്ന സ്വർണം കിഴക്കേകോട്ടയിലെ ഒരു ജൂവലറിക്കും എറണാകുളത്തെ ജൂവലറിക്കും വിൽപ്പന നടത്തിയിരുന്നതായി ഡിആർഐ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണം വാങ്ങിയ ജൂവലറിയുടെ ഉടമകളെയും മാനജേർമാരെയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതോടെ ഉടമകളും മാനേജർമാരും ഒളിവിൽ പോയെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
സ്വർണകടത്തിന് ബിജുവിന് പിന്നിൽ വൻമാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സംഘങ്ങളാണ് ബിജുവിന് ഒളിവിൽ കഴിയാൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ കൂട്ടുകെട്ടിൽ ഉദ്യോഗസ്ഥരും ഗുണ്ടകളും അഭിഭാഷകരും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നതെന്നാണ് ഡിആർഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഒരാഴ്ച മുൻപാണ് ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി എത്തിച്ച 25 കിലോ സ്വർണവുമായി രണ്ട് പേരെ ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്. തിരുമല സ്വദേശി സുനിൽ, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണകടത്തിന് പിന്നിൽ അഭിഭാഷകനായ ബിജുവാണെന്ന് ഡിആർഐക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചത്.
ബിജുവിന്റെ വീട്ടിലും പ്രതികളുടെ വീടുകളിലും ഡിആർഐ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് പാസ്സ് ബുക്കുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ രേഖകളിൽ നിന്നും ബിജുവിന്റെ ഭാര്യ വിനിതക്കും സ്വർണകടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ ഡിആർഐ സംഘം വിനിതയെയും അറസ്റ്റ് ചെയ്തിരുന്നു.