തിരുവനന്തപുരം: വട്ടപ്പാറ കല്ലയം കാരമൂട്ടിൽ യുവാവ് കഴുത്ത് മുറിഞ്ഞ് മരിച്ച സംഭവം കൊലപാതകം, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് സ്വദേശിയും ടിപ്പർലോറി ഡ്രൈവറുമായ മനോജ് (37) ആണ് അറസ്റ്റിലായത്. കാരമൂട്ടിൽ വാടകക്ക് താമസിച്ച് വരികയായിരുന്ന വിനോദിനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിനോദിന്റെ ഭാര്യയും മനോജും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.
ഇതേ ചൊല്ലി വിനോദും മനോജും തമ്മിൽ നേരത്തെ വാക്കേറ്റം നടന്നിരുന്നു. സംഭവ ദിവസം വിനോദ് വീട്ടിലെത്തിയപ്പോൾ വിനോദിന്റെ ഭാര്യയും മനോജും വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ വിനോദിന്റെ കഴുത്തിൽ കത്തി കൊണ്ട് മനോജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ അന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. വിനോദ് സ്വയം കഴുത്ത് മുറിച്ച് മരിച്ചുവെന്നായിരുന്നു ഭാര്യ ആശുപത്രിയിലും പോലീസിലും മൊഴി നൽകിയിരുന്നത്. എന്നാൽ അച്ഛനെ വീട്ടിലുണ്ടായിരുന്ന മനോജ് കുത്തിയെന്ന് വിനോദിന്റെ നാലുവയസുകാരൻ മകൻ പോലീസിൽ മൊഴി നൽകിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മനോജിനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകവിവരം വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യക്ക് പങ്കുണ്ടൊയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. തിരുവനന്തപുരം റൂറൽ എസ്പി അശോകന്റെ നിർദേശാനുസരണം വട്ടപ്പാറ സിഐ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.