മരട്: പനങ്ങാടും വൈറ്റിലയിലും രണ്ടു തൊഴിലാളികൾ ഒരേ ദിവസം മരിച്ച സംഭവത്തിൽ ദുരൂഹതകൾ ബാക്കി. ഒരു മൃതദേഹം ഒഡീഷ സ്വദേശിയുടേതെന്നാണ് സംശയം. മറ്റൊന്ന് ബംഗാൾ സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു.
കുമ്പളം പാലത്തിനു സമീപം പ്രവർത്തിക്കുന്ന സിവിസിസി കോൺക്രീറ്റ് മിക്സിംഗ് കമ്പനിയിലെ പാചകക്കാരനായ ഒഡീഷ സ്വദേശിയായ യുവാവിനെ 14ന് രാത്രി മുതൽ കാണാതായിരുന്നു. തൊഴിലാളിയെ കാണാതായതായി വ്യാഴാഴ്ച്ചയാണ് ജീവനക്കാർ പോലീസിൽ വിളിച്ച് അറിയിച്ചത്.
ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ വ്യക്തത വരുകയുള്ളു.ചാത്തമ്മ സിംഫണി റിസോർട്ടിനു സമീപം ചേപ്പനം കായലിൽ വെള്ളിയാഴ്ച്ച രാവിലെ 7.30നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കരയിൽനിന്നു 100 മീറ്റർ കിഴക്ക് ഭാഗത്ത് കണ്ട മൃതദേഹം ഒഴുകി വന്ന് സമീപത്തെ അവന്യൂ റിജന്റ് റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരക്കടിയുകയായിരുന്നു.
സിംഫണി റിസോർട്ടിലെ ജീവനക്കാരനായ ജാഫറാണ് മൃതദേഹം ഒഴുകി വരുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപവാസിയായ മധുവിനെ വിവരം അറിയിച്ചു. ഇരുവരും ചേർന്ന് അറിയിച്ചത് പ്രകാരം പനങ്ങാട് സ്റ്റേഷനിൽ നിന്നെത്തിയ പോലീസ് മൃതദേഹം ഒഴുകി പോകാതിരിക്കുന്നതിനായി ഉയർന്നുനിന്ന കൈയിൽ കയർകെട്ടി നിർത്തി.
കൈകൾ ഉയർത്തിപ്പിടിച്ച് മലർന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഏകദേശം 40 വയസ് തോന്നിക്കും. കറുത്ത് പൊക്കം കുറഞ്ഞ ശരീര പ്രകൃതി. അടിവസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.