പുൽപ്പള്ളി: ഇഞ്ചി വിളവെടുപ്പ് നേരത്തേ നടത്തിയ കർഷകർ നിരാശയിൽ. വില കിലോഗ്രാമിനു 110 രൂപകവിഞ്ഞപ്പോൾ വിൽക്കാൻ ഇഞ്ചിയില്ലാത്തതാണ് കൃഷിക്കാരെ നിരാശയിലാക്കുന്നത്. വിളവെടുപ്പ് നീട്ടിവച്ച കർഷകർക്കു മാത്രമാണ് വില ഉയർന്നതിന്റെ ഗുണം.
2014നുശേഷം ആദ്യമാണ് ഇഞ്ചിക്കു ഇത്രയും ഉയർന്ന വില. കർണാടക വിപണികളിൽ ചാക്കിനു(60 കിലോഗ്രാം) 7,000 രൂപ വരെ വിലയ്ക്കു കഴിഞ്ഞ ദിവസങ്ങളിൽ ഇഞ്ചിക്കച്ചവടം നടന്നു. വയനാട്ടിൽ ഇഞ്ചി ചാക്കിനു 6,200 രൂപയാണ് വില.
വയനാട്ടിൽനിന്നടക്കം മലയാളി കർഷകർ കർണാടകയുടെ വിവിധ ഭാഗങ്ങളിലാണ് കൂടുതലും ഇഞ്ചികൃഷി നടത്തുന്നത്. ഏക്കറിനു ഒന്നേകാൽ ലക്ഷം രൂപ വരെ വാർഷിക പാട്ടം നൽകിയെടുക്കുന്ന ഭൂമിയിലാണ് ഇഞ്ചികൃഷി. വയനാട്ടിൽ നാമമാത്ര കർഷകർക്കു മാത്രമാണ് ഇഞ്ചി വിളവെടുക്കാനുള്ളത്. പ്രളയകാലത്തു വെള്ളം കെട്ടിക്കിടന്നും രോഗം ബാധിച്ചും ഇഞ്ചികൃഷി വൻതോതിൽ നശിച്ചതും ചെറുകിട കർഷകർ വിളവെടുപ്പ് നേരത്തേ നടത്തിയതുമാണ് വിപണിയിൽ ഇഞ്ചി ലഭ്യത കുറയുന്നതിനും വില വർധനവിനും ഇടയാക്കിയത്.
പുതിയ ഇഞ്ചി വിപണിയിൽ എത്താൻ അഞ്ചു മാസത്തോളം താമസമുള്ള സാഹചര്യത്തിൽ പഴയ ഇഞ്ചിയുടെ വില ചാക്കിനു പതിനായിരം രൂപയ്ക്കു മുളകിലെത്തുമെന്നു കച്ചവടക്കാർ പറയുന്നു. 2014ൽ ഇഞ്ചി ചാക്കിനു 9,400 രൂപ വരെ വില ലഭിച്ചിരുന്നു.