കോട്ടയം: കുഞ്ഞൻ സ്കൂട്ടർ മുതൽ ട്രെയിൻവരെ… കെഎസ്ആർടിസി ബസുകളും കാറുകളും ബൈക്കുകളും മണ്ണുമാന്തിയന്ത്രവും കൈവിരലിൽ മെനഞ്ഞ കലാസൃഷ്ടികളായി കാഴ്ചയുടെ വിസ്മയം തീർത്തു. മിനിയേച്ചർ കലാരൂപങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കി വഴിയോര വിനോദസഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റിൽ ഒരുക്കിയ ഓപ്പണ്‍ എക്സ്പോ കാണാൻ ജനം ഒഴുകിയെത്തി.
വാഹനങ്ങളുടെയും ചെറു കെട്ടിടങ്ങളുടെയും മാതൃകകൾ നിർമിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയായ മിനിയേച്ചർ ക്രാഫ്റ്റേഷ്സിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാലുമണിക്കാറ്റിൽ എക്സ്പോ സംഘടിപ്പിച്ചത്. പരിചിതമായ വാഹനങ്ങളുടെ മാതൃകകൾ നേരിൽ കണ്ടപ്പോൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളവയായിരുന്നു.
തങ്ങളുടെ ഇഷ്ട വാഹനമായ ബുള്ളറ്റും ബൈക്കുകളും കൈയിൽ എടുത്ത് കുട്ടികൾ ഫോട്ടോയെടുക്കാൻ മത്സരിച്ചു. മിനിയേച്ചർ ക്രാഫ്റ്റേഷ്സ് ഗ്രൂപ്പിൽ അംഗങ്ങളായ വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ നൂറുകണക്കിനു മാതൃകകളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. കെഎസ്ആർടിസിയുടെ പഴയ ബസ് മുതൽ ഏറ്റവും പുതിയ മോഡലായ ലോഫ്ളോർ, സ്കാനിയ ബസുകളുടെ മാതൃകകൾവരെ ഏവരെയും ആകർഷിക്കുന്നതായിരുന്നു.