കോഴിക്കോട് : കുന്ദമംഗലത്തെ സ്വകാര്യ പിഎസ്സി കോച്ചിംഗ് സെന്ററിലെ ബാത്ത്റൂമില്‍ ഒളികാമറ സ്ഥാപിച്ച അധ്യാപകനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന പിഎസ്സി കോച്ചിംഗ് സെന്ററിലെ ഗസ്റ്റ് അധ്യാപകന് തിരുവനന്തപുരം വെട്ടുക്കാട് വിപിന്‍ നിവാസില്‍ പ്രവീണ്‍ കുമാര്‍ (37)നെയാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കുന്നത്.
പ്രതി കുന്ദമംഗലത്തെയും പരിസര പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും ക്ലാസുകളെടുക്കാറുണ്ട്. കൂടാതെ തിരുവനന്തപുരത്തും ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റിടങ്ങളിലെവിടെയെങ്കിലും കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നത്.
നിലവില്‍ മൊബൈല്‍ഫോണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. താമസ്ഥലത്തും മറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ഇന്‍സ്പക്ടര്‍ കെ.രാജീവ്കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ഇന്നലെയാണ് അധ്യാപകനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിഎസ്സി കോച്ചിംഗ് സെന്ററില്‍ ഗസ്റ്റ് അധ്യാപകനായി എത്തിയ ഇയാള്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ബാത്ത്റൂമില്‍ ഒളി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയ അറിയിക്കുകയും സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.