വെള്ളമുണ്ട: നേരത്തെയുണ്ടായിരുന്ന റോഡിന്റെ വീതി കൂട്ടി നവീകരിച്ചപ്പോൾ റോഡിലേക്ക് കയറിയ ഇലക്ട്രിക്് പോസ്റ്റ് മാറ്റാതെ ടാറിംഗ് പൂർത്തിയാക്കി. വെള്ളമുണ്ട ടൗണിലാണ് വിചിത്രമായ രീതിയിൽ അധികൃതരുടെ അനുവാദത്തോടെ റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്.
തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെ ഒന്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വെള്ളമുണ്ട ടൗണിലും കൾവർട്ടുകളുടെയും സ്ലാബുകളുടെയും പ്രവൃത്തികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം റോഡ് ടാർ ചെയ്തത്. എന്നാൽ ഒന്നര മീറ്ററോളം റോഡിലേക്ക് കയറി നിൽക്കുന്ന പോസ്റ്റ് മാറ്റാത്തതിനെ കുറിച്ചന്വേഷിച്ചപ്പോൾ നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റിൽ പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ച് ഫണ്ട് വകയിരുത്തിയില്ലെന്നതാണ് മറുപടി.
ടൗണിലെ നിരവധി സ്ഥാപനങ്ങളിലേക്ക് വൈദ്യുതി നൽകുന്നതും എച്ച് ഡി ലൈൻ കടന്നു പോവുന്നതുമായ പോസ്റ്റ് മാറ്റാൻ ഉയർന്ന സാന്പത്തിക ബാധ്യതയാവുമെന്നതിനാലാണ് പോസ്റ്റ് മാറ്റുന്നതൊഴിവാക്കിയതായി പറയുന്നത്. പകൽ സമയങ്ങളിൽ ടൗണിലെ ഓട്ടോ സ്റ്റാൻഡായി മാറുന്ന റോഡിന്റെ ഈ ഭാഗത്ത് നിന്നും രാത്രിയോടെ വാഹനങ്ങളൊഴിയുന്പോൾ റോഡിന് നടുവിലെ ഇലക്ട്രിക് പോസ്റ്റ് അപകടം വരുത്തിവെക്കുമെന്ന കാര്യത്തിൽ നാട്ടുകാർക്ക് സംശയമില്ല. പോസ്റ്റ് മാറ്റി റോഡ് നവീകരണം നടത്തണമെന്ന ആവശ്യം ശകതമാണ്.