തലശേരി: വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി.നസീറിനെ (40) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൊളശേരി കളരിമുക്ക് സ്വദേശിയായ സിപിഎം പ്രവർത്തകൻ നിരീക്ഷണത്തിൽ. നസീറിനെ അക്രമിച്ച സംഘത്തിൽ കളരിമുക്ക് സ്വദേശിക്ക് പുറമെ പുറത്തുനിന്നെത്തിയ രണ്ടുപേരും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.
സംഭവം നടന്ന അന്ന് രാത്രിയിൽ തന്നെ കളരിമുക്ക് സ്വദേശി നാടുവിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ടവർ പാലക്കാടും പിന്നീട് എറണാകുളത്തുമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ വലയിലാക്കാൻ പോലീസ് സംഘം എറണാകുളത്തേക്ക് തിരച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ പോലീസ് സംഘം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
ഇതിനിടയിൽ കൊളശേരി സ്വദേശികളായ രണ്ടു സിപിഎം പ്രവർത്തകരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വൈകുന്നേരത്തോടെ വിട്ടയച്ചു. ഒരു കൊലപാതക കേസിൽ പ്രതികളായ ഇവരിൽ നിന്നും ചില വിലപ്പെട്ട വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ്പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടി വീഴ്ത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.
വടകര പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പി.ജയരാജൻ, യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചു. എഎസ്പി അരവിന്ദ് സുകുമാർ , സിഐ വിശ്വംഭരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല: എം.വി.ജയരാജൻ
കോഴിക്കോട്: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ കാണാനെത്തിയത്. നസീറിനെ ആക്രമിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് എം.വി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
നസീറിനെ ഭീഷണിപ്പെടുത്തിയിട്ടില്ല: എ.എൻ. ഷംസീർ എംഎൽഎ
തലശേരി: താൻ സി.ഒ.ടി.നസീറിനെ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എ.എൻ.ഷംസീർ എംഎൽഎ രാഷട്രദീപികയോട് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം നസീർ സിപിഎം ഓഫീസ് അങ്കണത്തിൽ എത്തുകയും തന്നെ കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, കാണാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ നസീർ തിരിച്ചുപോകുകയും ചെയ്തതായി ഷംസീർ വ്യക്തമാക്കി.