കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനു പോലീസ് കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് എത്തി നവാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ കോടതിയിൽ കൊണ്ടുപോകുന്നതിന് തൊട്ടുമുൻപാണ് ഇയാൾ ജീവനൊടുക്കിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പഷൽ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു. കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോകനാഥ് ബെഹ്റ നിർദേശം നൽകി.