ന്യൂഡൽഹി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കേ, ഡൽഹിയിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കു ഗതിവേഗം കൂടി. നാളെ രാവിലെ ലീഡ് നില ലഭ്യമാകുന്നതോടെ കേന്ദ്രത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾക്കു ഭരണ- പ്രതിപക്ഷ നേതാക്കൾ അവസാനരൂപം നൽകാനാണു ശ്രമം.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സംശയകരമായ നീക്കത്തെക്കുറിച്ചുള്ള വീഡിയോ ദശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതു പുതിയ വിവാദങ്ങൾക്കു തുടക്കമിടുകയും ചെയ്തു. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലേക്കു പുറമെ നിന്നു വേറെ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചതാണു വിവാദമായത്. ഇതിനെതിരേ പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു പരാതി നൽകിയതോടെ വിവാദം കൊഴുത്തു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അവകാശപ്പെട്ടു. കരുതലിനായി വച്ചിരുന്ന വോട്ടു രേഖപ്പെടുത്താത്ത യന്ത്രങ്ങളാണു കൊണ്ടുവന്നതെന്നും തെറ്റായതൊന്നും നടന്നിട്ടില്ലെന്നുമുള്ള വിശദീകരണത്തിനു പ്രതിപക്ഷം വഴങ്ങിയിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങളിലും ജനവിധിയിൽ തിരിമറി നടക്കുന്നുവെന്ന റിപ്പോർട്ടുകളിലും മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി ആശങ്ക അറിയിച്ചതു പ്രതിപക്ഷത്തിന് ഉണർവേകി. മികച്ച രീതിയിൽ തെരഞ്ഞെടുപ്പു നടത്തുന്നതിനു കമ്മീഷനെ പുകഴ്ത്തിയതിന്റെ പിറ്റേന്നാണു പ്രണാബിന്റെ പുതിയ പ്രസ്താവന.
കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തുന്നതിനു മുന്പേ തന്നെ കർണാടക, മധ്യപ്രദേശ് സർക്കാരുകളെ മറിച്ചിട്ടു ബദൽ സർക്കാരുണ്ടാക്കാൻ ബിജെപി പരസ്യമായി ശ്രമം തുടങ്ങിയതു പ്രതിപക്ഷ ക്യാന്പുകളിൽ ഞെട്ടലുണ്ടാക്കി. ബിജെപിക്കെതിരേ കൂടുതൽ യോജിച്ച നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവവികാസമെന്നു കോണ്ഗ്രസ് നേതാക്കളും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവും ഇതര പ്രതിപക്ഷ നേതാക്കളോടു ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാണെന്ന രീതിയിലാണു മോദിയും ഷായും നേതാക്കളോടു സംസാരിച്ചത്. ഡൽഹിയിലെ പഞ്ചനക്ഷത്ര അശോക ഹോട്ടലിൽ അമിത് ഷാ ഇന്നലെ നടത്തിയ എൻഡിഎ നേതാക്കളുടെ അത്താഴവിരുന്നിലും അതിനു മുന്നോടിയായി നടന്ന കേന്ദ്രമന്ത്രിസഭയുടെ അവസാനത്തെ അനൗപചാരിക യോഗത്തിലും ഇതുതന്നെയായിരുന്നു സമീപനം.
എന്നാൽ, എക്സിറ്റ് പോളുകൾ തെറ്റുമെന്നും തൂക്കുസഭ വരുമെന്നുമാണു കോണ്ഗ്രസ് നേതാക്കളുടെയും ഇതര പ്രതിപക്ഷ നേതാക്കളുടെയും ഇപ്പോഴത്തെയും വിശ്വാസം. വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി ഉണ്ടായില്ലെങ്കിൽ ജനങ്ങൾ മോദിയെ വീണ്ടും അധികാരത്തിലേറ്റില്ലെന്നു വിശ്വസിക്കാനാണു പ്രതിപക്ഷത്തിനു മോഹം. ഫലം വന്ന ശേഷമെങ്കിലും പ്രതിപക്ഷ പാർട്ടികൾ യോജിച്ചു നിന്നാൽ പുതിയ സർക്കാരുണ്ടാക്കാനാകും എന്ന പ്രതീക്ഷ വിടാതെയാണു പൊതുവായ നീക്കം.
രാഷ്ട്രപതി, സുപ്രീംകോടതി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ എന്നീ മൂന്നു നിർണായക ഭരണഘടനാ പദവികളിലും ഉള്ളവർ മോദിക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നുവെന്ന സന്ദേഹവും സംശയവും പ്രതിപക്ഷത്ത് അസ്വസ്ഥതകളും അമർഷവും സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ കക്ഷി ആകാനിടയുള്ള ബിജെപിയെയും മോദിയെയും രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണു പൊതുവേ കരുതുന്നത്.
ജോർജ് കള്ളിവയലിൽ