മുംബൈ: ജൈത്രയാത്ര തുടരുന്ന വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു പിന്നാലെ മ്യുസിക് ആപ് അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് കന്പനി ബൈറ്റ് ഡാൻസ്. ആപ്പിനു വേണ്ടി പ്രമുഖ ഓഡിയോ റിലീസ് കന്പനികളായ ടി സീരീസ്, ടൈംസ് മ്യൂസിക് എന്നിവയിൽനിന്ന് വിവധ പാട്ടുകളുടെ പകർപ്പവകാശം ബൈറ്റ് ഡാൻസ് നേടിയതായാണ് റിപ്പോർട്ടുകൾ. പാട്ടുകൾക്കു പുറമേ വീഡിയോകളുമുള്ള ആപ് പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുള്ളതാണെന്ന് കന്പനിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യയിലെ വീഡിയോ സ്ട്രീംമിഗ് രംഗത്തെ സാധ്യതകൾ പല കന്പനികളും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും മ്യൂസിക് ആപ്പുകൾക്ക് ഇനിയും വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ സാധ്യതകൾ മുതലാക്കുകയാണ് കന്പനിയുടെ ലക്ഷ്യം.
സ്വീഡിഷ് കന്പനിയായ സ്പോട്ടിഫൈ, ഗൂഗിളിന്റെ യൂട്യൂബ് മ്യൂസിക് എന്നിവ അടുത്തിടെയാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഇവയ്ക്കു പുറമേ ആമസോണ്‍ മ്യൂസിക്, ജിയോ സാവൻ ഇന്ത്യൻ കന്പനികളായ ഗാന, ഹംഗാമ എന്നീ കന്പനികളും മ്യൂസിക് സ്ട്രീമിംഗ് രംഗത്തുണ്ട്.
ഈ നിരയിലേക്ക് ബൈറ്റ്ഡാൻസ്കൂടി എത്തുന്നതോടെ മത്സരം കനക്കുമെന്നാണ് വിലയിരുത്തൽ