തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറന്പ്, തളിപ്പറന്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാളെ നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
എല്ലാ ജില്ലകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്.
പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്റ അറിയിച്ചു.
കണ്ണൂരിൽ പ്രത്യേക സുരക്ഷ
കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ കണ്ണൂരിൽ വ്യാപകമായി സംഘർഷത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരിൽ സുരക്ഷ കർശനമാക്കി.5000 ത്തോളം പോലീസുകാരെ വിന്യസിക്കും. ആർആർആർഎഫ് ബറ്റാലിയൻ സായുധ പോലീസും മൊബൈൽ പട്രോളിംഗ് യൂണിറ്റടക്കം അയ്യായിരത്തോളം സേനാംഗങ്ങളെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കും. മൂന്ന് ഡിവൈഎസ്പിമാർക്കാണ് സുരക്ഷാ ചുമതല.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. കൂടാതെ, നൂറോളം മൊബൈൽ പട്രോളിംഗ് ഇന്ന് വൈകുന്നേരത്തോടെ ജില്ലയിൽ ആരംഭിക്കും. ജില്ലയിലെ പ്രധാന റോഡുകളിൽ സിസിടിവി കാമറ നിരീക്ഷണം ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക് കോളജിനകത്തും പുറത്തും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ സുരക്ഷയൊരുക്കും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്കുള്ള റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തി. ഇന്നു രാത്രി മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു മുന്നിൽ പോലീസ് കാവലുണ്ടാകും. കൂടാതെ, ഇവരുടെ ഓഫീസിന് മുന്നിലൂടെ നൈറ്റ് പട്രോളിംഗ് ഉണ്ടാകും.
ജില്ലയിലെ പ്രമുഖ പാർട്ടികളുടെ നേതാക്കൾക്കും അവരുടെ വീടുകൾക്കും സുരക്ഷ ഏർപ്പെടുത്തി. ക്രിമിനൽ കേസുകളിൽ പ്രതിയായവരെയും മറ്റു ക്രിമിനൽ സ്വഭാവമുള്ളവരെയും മുൻകരുതലായി അറസ്റ്റ് ആരംഭിച്ചു. അക്രമത്തിലേർപ്പെടുന്നവർക്കെതിരേ ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം അറിയിച്ചു. ജില്ലയിൽ സമാധാനം ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ സുരക്ഷാ നടപടികളുമായി പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടി നേതാക്കളും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.