കരുമാലൂർ: ആലുവ-പറവൂര്‍ റോഡില്‍ ആനച്ചാൽ പമ്പിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മനക്കപ്പടി സ്വദേശിനി ജസീന്ത ഗോപിനാഥ് (58) മരിച്ച സംഭവത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാറശാല മണലിവില്ലയില്‍ ഷാരോണിനെ (26) ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
പമ്പിനു സമീപത്തുള്ള റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ആലുവയിൽനിന്നു പറവൂർക്കു പോകുന്ന പിക്കപ്പ് വാൻ ജസീന്തയെ പുറകില്നിന്നിടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
വീട്ടമ്മയെ ഇടിച്ചിട്ട പിക്കപ്പ് വാന്‍ നിര്‍ത്താതെ പോകുകയായിരുന്നു. ആനച്ചാൽ മനയ്ക്കപ്പടിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിന്റെ സിസിടിവി കാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു പിക്കപ്പ് വാന്‍ ഡ്രൈവറെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.
സംഭവം അപകടമല്ലെന്നും കൊലപാതകശ്രമമാണു നടന്നതെന്നുമുള്ള രീതിയില്‍ സാമൂഹമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡ് മറികടക്കാനായി ശ്രമിക്കുന്ന ജസീന്ത വാഹനങ്ങളെ കണ്ടു മുന്നോട്ട് നടക്കുന്നതിനിടെ റോഡിന്റെ മധ്യഭാഗത്തുകൂടി പോകുകയായിരുന്ന പിക്കപ്പ് പെട്ടെന്നു വെട്ടിത്തിരിഞ്ഞ് ഇവരെ ഇടിക്കുന്നതും നിർത്താതെ പോകുന്നതുമായ ദൃശ്യങ്ങളാണു സിസി ടിവിയില്‍ ഉണ്ടായിരുന്നത്.
പുറകേ വന്ന കാറിലെ യാത്രക്കാര്‍ വാഹനം നിര്‍ത്തി പെട്രോള്‍ പമ്പിലെ ജീവനക്കാരെ സഹായത്തിനായി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.