ഗുരുവായൂർ: നഗരസഭ ഭരണാധികാരികൾക്കു യൂണിയനുകളോടുള്ള വിധേയത്വം കാരണം ഗുരുവായൂരിൽ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം ഇഴയുന്നു. ഒരു വിഭാഗം ഓട്ടോറിക്ഷകളാകട്ടെ അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരത്തിനു 50 രൂപ വരെ ഈടാക്കുന്നതായും ആരോപണം.
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം തുടങ്ങുന്നതിനു എല്ലാ അനുമതികളും ലഭിച്ചിട്ടും നഗരസഭക്കു തൊഴിലാളി യൂണിയനകളോടുള്ള വിധേയത്വമാണ് പ്രീ പെയ്ഡ് സംവിധാനം അട്ടിമറിക്കപ്പെടുന്നത്. ഇതുമൂലം ഗുരുവായൂരിലെത്തുന്ന തീർഥാടകരും യാത്രക്കാരുമാണ് ഒരു വിഭാഗം ഓട്ടോറിക്ഷക്കാരുടെ ചൂഷണത്തിനു ഇരയാകുന്നത്.
ഏതാനും ദിവസം മുന്പ് രാവിലെ 8.30ന്റെ ട്രെയിനിൽ ഗുരുവായൂരിലെത്തിയ യാത്രക്കാരി റെയിൽവേസ്റ്റേഷനിൽ നിന്നും ക്ഷേത്രനടയിലേക്കു ഓട്ടോയുടെ കൂലി ആരാഞ്ഞു. ഇവരോട് 50 രൂപയാണ് ആവശ്യപ്പെട്ടത്.
എത്ര ദൂരമുണ്ടെന്ന് അറിയാൻ ഗൂഗിൾ പരിശോധിച്ച യാത്രക്കാരി അഞ്ച് മിനിറ്റ് ദൂരത്തിനു 50 രൂപയോ എന്ന് ചോദിച്ച് ഓട്ടോയാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ട്രെയിൻ എത്തുന്ന സമയം റെയിൽവേ സ്റ്റേഷന്റെ ഫ്ലെെ ഓവറിനു സമീപം ഓട്ടോകൾ എത്തുകയും യാത്രക്കാരെ കാൻവാസ് ചെയ്യുകയും ചെയ്യുന്ന രീതിയുമുണ്ട്.
രണ്ടു വർഷം മുന്പ് സിപിഎം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ് രാത്രിയിൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്കു യാത്ര ചെയതതിന് അമിത കൂലി ഈടാക്കുകയും അമിത കൂലി ചോദ്യം ചെയ്ത സുമേഷിനെ മർദിച്ച സംഭവവുമുണ്ടായി.
തുടർന്ന് നഗരസഭ ഭരണാധികാരികളും പോലീസും ആർടിഒയും ചേർന്നാണ് അമിത കൂലി തടയുന്നതിനു റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. റെയിൽവേ, ആർടിഒ എന്നിവരുടെ അനുമതി ലഭിക്കുകയും റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് കൗണ്ടർ നിർമിച്ചു നൽകുന്നതിനു ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് രംഗത്തുവരികയും ചെയ്തിരുന്നു.
കഴിഞ്ഞ ശബരിമല സീസണിൽ ആരംഭിക്കുമെന്ന് അന്ന് ചെയർപേഴ്സണായിരുന്ന പ്രഫ. പി.കെ. ശാന്തകുമാരിയും വൈസ് ചെയർമാൻ കെ.പി. വിനോദും പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയും സംവിധാനം നടപ്പാക്കാനായിട്ടില്ല.
നഗരസഭ ഭരണാധികാരികൾ എത്രയും വേഗം റെയിൽവേ സ്റ്റേഷനിൽ ഓട്ടോക്ക് പ്രീ പെയ്ഡ് സംവിധാനം ഏർപ്പെടുത്തി ഒരുവിഭാഗം ഓട്ടോറിക്ഷകളുടെ ചൂഷണത്തിൽ നിന്ന് തീർഥാടകരേയും യാത്രക്കാരേയും രക്ഷിക്കണമെന്നാണ് ആവശ്യം.