അരണാട്ടുകര: എല്ലാ ദിവസവും പരസഹായം ചെയ്ത 89 കുട്ടികൾക്കും സൈക്കിൾ സമ്മാനം. സെന്റ് തോമസ് ഇടവകയിലെ 89 കുട്ടികൾക്കാണ് സൈക്കിളുകൾ സമ്മാനിച്ചത്. ഈ കുട്ടികൾ 365 ദിവസവും മുടങ്ങാതെ പള്ളിയിൽ തിരുക്കർമങ്ങളിൽ പങ്കെടുത്തു. ഓരോ ദിവസവും എന്തെങ്കിലും തരത്തിൽ മറ്റുള്ളവരെ സഹായിക്കണമെന്നായിരുന്നു കുട്ടികൾക്കു നൽകിയ നിർദേശം.
ഓരോരുത്തരും ചെയ്ത സഹായങ്ങൾ ദിവസവും രക്ഷിതാക്കളും വൈദികനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇങ്ങനെ സന്പൂർണമായി നിർദേശം പാലിച്ച കുട്ടികൾക്കാണ് സൈക്കിൾ സമ്മാനിച്ചത്. അഞ്ചു ലക്ഷം രൂപ ചെലവിട്ടാണ് സൈക്കിളുകൾ വാങ്ങിയത്.
സൈക്കിൾ വിതരണോദ്ഘാടനം സാഗർ രൂപത മുൻ അധ്യക്ഷൻ മാർ ആന്റണി ചിറയത്ത് നിർവഹിച്ചു. വികാരി ഫാ. ബാബു പാണാട്ടുപറന്പിലിന്റെ ആശയമായിരുന്നു നടപ്പാക്കിയത്. കുട്ടികൾക്കിടയിൽ മനുഷ്യത്വം വളർത്താനായിരുന്നു പദ്ധതി. വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു പരസഹായ സന്നദ്ധത തെളിയിച്ചു.