കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കു അത്യുജ്വല വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ എൽഡിഎഫ് കേന്ദ്രങ്ങളിൽ മുഖംവാട്ടത്തിനു കാരണമായി. തെരഞ്ഞെടുപ്പുഫലം എക്സിറ്റ് പോൾ പ്രവചനത്തിനു അടുത്തുനിന്നാൽ മണ്ഡലത്തിൽ അരയും തലയും മുറുക്കി എൽഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം വൃഥാവ്യായാമത്തിനു തുല്യമാകും. മണ്ഡലത്തിൽ മുന്നണി ഇത്രയേ ഉള്ളൂവെന്നു ലോകം അറിയും. ഇതാണ് ഇടതു ക്യാന്പുകളിലെ ഖിന്നതയ്ക്കു കാരണം.
രാഹുൽഗാന്ധി ജയിക്കുമെങ്കിലും ഭൂരിപക്ഷം ഭീമമാകില്ലെന്ന അനുമാനത്തിലായിരുന്നു മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കൾ. വോട്ടെടുപ്പിന്റെ രണ്ടാംപക്കം കൽപ്പറ്റയിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ഒത്തുകൂടിയ ഇടതു നേതാക്കളിൽ ചിലർ എൻഡിഎ വോട്ടിൽ ചോർച്ചയുണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധി പരാജയപ്പെടുമെന്നുപോലും അഭിപ്രായപ്പെടുകയുണ്ടായി. എന്നിരിക്കെയാണ് പോൾ ചെയ്ത വോട്ടിൽ 52 ശതമാനം യുഡിഎഫ് നേടുമെന്ന എക്സിറ്റ് പോൾ പ്രവചനം.
2009ൽ മണ്ഡലം രൂപീകരണത്തിനുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു 49.86 ശതമാനം( 4,10,703) വോട്ടാണ് ലഭിച്ചത്. എൽഡിഎഫിലെ എം. റഹ്മത്തുല്ല 31.23 ശതമാനം(2,57,264) വോട്ട് നേടി. എൻസിപി ടിക്കറ്റിൽ മത്സരിച്ച കെ. മുരളീധരൻ 12.1-ഉം(99663) ബിജെപി സ്ഥാനാർഥി സി. വാസുദേവൻ 3.85-ഉം(31,687) ശതമാനം വോട്ട് കരസ്ഥമാക്കി. 8,23,694 വോട്ടാണ് പോൾ ചെയ്തത്. 1,53,439 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം.
2014ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. പോൾ ചെയ്ത 9,15,020 വോട്ടിൽ 41.20 ശതമാനമാണ് (3,77,035) യുഡിഎഫിലെ ഷാനവാസിനു ലഭിച്ചത്. എൽഡിഎഫിലെ സത്യൻ മൊകേരി 39.92 ശതമാനം(3,56,165) വോട്ട് നേടി. 8.8 ശതമാനം(80,752) വോട്ടുനേടിയ ബിജെപിയിലെ പി.ആർ. രശ്മിൽനാഥായിരുന്നു മൂന്നാമത്. പശ്ചിമഘട്ട ജനസംരക്ഷണ സമിതി-മലബാർ വികസന മുന്നണി സംയുക്ത സ്ഥാനാർഥിയായിരുന്ന പി.വി. അൻവർ 4.05 ശതമാനം(37,123) വോട്ട് നേടി. 20,870 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. 9,15,020 വോട്ടാണ് പോൾ ചെയ്തത്.
2009ലെ തെരഞ്ഞെടുപ്പിൽ 18.63 ശതമാനമായിരുന്നു യുഡിഎഫ്-എൽഡിഎഫ് വോട്ട് അന്തരം. യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം എഴിൽ ഒന്നായി കുറഞ്ഞ 2014ൽ വോട്ട് വ്യത്യാസം 1.28 ശതമാനമായി താഴ്ന്നു. ആദ്യത്തേതിനെ അപേക്ഷിച്ചു രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടിൽ 8.66 ശതമാനം കുറവുണ്ടായപ്പോൾ എൽഡിഎഫ് വോട്ടിൽ 7.69-ഉം ബിജെപി വോട്ടിൽ 4.97-ഉം ശതമാനം വർധനവാണ് ഉണ്ടായത്.
കാര്യമായ വോട്ടിടിച്ചിൽ ഒഴിവാക്കാനും മുന്നണിയുടെ കരുത്ത് വ്യക്തമാക്കുന്നതിനുള്ള പ്രവർത്തനമാണ് എൽഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു കാഴ്ചവച്ചത്. രാഹുൽ ഗാന്ധിയെ വ്യക്തമായ പാർട്ടി രാഷ്ട്രീയം ഇല്ലാത്ത വോട്ടർമാർ പൊതുസ്ഥാനാർഥിയായി കണ്ട സാഹചര്യത്തിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതു തടയുന്നതിനുള്ള തന്ത്രങ്ങളാണ് എൽഡിഎഫ് പയറ്റിയത്. ഇത്തവണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 13,25,788 പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ 80.26 ശതമാനമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.