കനല്‍ അണച്ചത് ശബരിമലയിലെ കടുംപിടിത്തം ! പല ചോദ്യങ്ങള്‍ക്കും പിണറായി ഇനി മറുപടി പറയേണ്ടി വരും; ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗം പാര്‍ട്ടിയെ കൈവിട്ടു;യുഡിഎഫിന്റെ വിജയശില്‍പ്പി പിണറായിയോ ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ വരും ദിവസങ്ങളില്‍ ചോദ്യങ്ങള്‍ നീളുക പിണറായിയുടെ നേര്‍ക്ക്. വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലും മുന്നണിയിലും പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടേക്കാം. ശബരിമല വിഷയത്തില്‍ വടി കൊടുത്ത് അടി മേടിക്കുകയായിരുന്നു പിണറായി എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

ശബരിമല വിഷയത്തില്‍ പിണറായി സ്വീകരിച്ച കടുംപിടിത്തം ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന ആരോപണവും നേരിടേണ്ടി വന്നേക്കാം. ഇത് പ്രയോജനം ചെയ്തത് യുഡിഎഫിനാണെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്. ന്യൂനപക്ഷ ഏകീകരണമുണ്ടാവുമെന്ന് കണക്കുകൂട്ടിയെങ്കിലും അത് തങ്ങള്‍ക്ക് പ്രതികൂലമാവുമെന്ന് മുന്‍കൂട്ടിക്കാണാന്‍ സിപിഎമ്മിനായില്ല.

ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിണറായി ശക്തനായ സാഹചര്യത്തില്‍ വിമര്‍ശിക്കപ്പെടാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റു വാങ്ങിയതോടെ പിണറായി വിരുദ്ധര്‍ പലരും തലപൊക്കിയേക്കാം.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിലും ത്രിപുരയിലുമെല്ലാം പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ പാര്‍ട്ടിയുടെ കേന്ദ്രം കേരളമായി. ഇതോടെ പിണറായിയുടെ നിലപാടുകള്‍ക്ക് എതിരില്ലാതായി. ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം ശ്രമിച്ചപ്പോള്‍ പിണറായി ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ പിണറായിയുടെ നിലപാട് തന്നെ ജയിക്കുകയും ചെയ്തു. ശബരിമല വിഷയത്തിലും പിണറായിയുടെ ഏകാദിപത്യ സ്വഭാവമാണ് പ്രതിഫലിച്ചത്. ഇത് പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കിയെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. കൊല്ലത്തെ എംപി പ്രേമചന്ദ്രനെതിരേ ‘പരനാറി’ പ്രയോഗം ആവര്‍ത്തിച്ചതും വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇതുകൊണ്ടൊക്കെത്തന്നെയായിരിക്കും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ പിണറായിയെ യുഡിഎഫിന്റെ വിജയ ശില്‍പ്പി എന്നു വിശേഷിപ്പിച്ചതും.

Related posts