ആലപ്പുഴ: സംസ്ഥാനത്തെ ഏക ഇടത് എംപിയെ സമ്മാനിച്ച് ആലപ്പുഴ. യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരളത്തിൽ ആലപ്പുഴ മാത്രമായിരുന്നു തുടക്കം മുതൽ ഇടതുപക്ഷത്തിനു പ്രതീക്ഷ നല്കിയിരുന്നത്. ആകാംക്ഷകൾക്കും ആശങ്കകൾക്കും ഒടുവിൽ ആലപ്പുഴയിൽ ആരിഫ് വെന്നിക്കൊടി പാറിച്ചു. സ്വന്തം മണ്ഡലമായ അരൂർ കൈവിട്ടപ്പോഴും ചേർത്തലയും കായംകുളവും മാത്രം നല്കിയ പിന്തുണയിലാണ് വിജയതീരത്തേക്ക് ആരിഫ് തുഴഞ്ഞെത്തിയത്.
ഇവിടെ നിന്നും മാത്രം നേടിയ ലീഡാണ് അന്തിമഫലത്തിൽ നിർണായകമായത്. ഇടതുപക്ഷത്തെ പ്രമുഖ മന്ത്രിമാരുടെ മണ്ഡലങ്ങളായ ആലപ്പുഴയും അന്പലപ്പുഴയും പോലും ആരിഫിനെ കൈവിട്ടെങ്കിലും ശേഷിച്ച മന്ത്രി പി. തിലോത്തമന്റെ മണ്ഡലം നല്കിയ ഭൂരിപക്ഷം ഇതിനെയെല്ലാം മറികടക്കാൻ സഹായിച്ചുവെന്നതാണ് വസ്തുത.
ശേഷിച്ച നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഷാനിമോൾ ഉസ്മാനായിരുന്നു മുൻതൂക്കമെങ്കിലും ഈ രണ്ടിടത്തു നിന്നും ആരിഫ് നേടിയ ലീഡിനെ മറികടക്കാൻ അതു പോരായിരുന്നു. 2014-ൽ ഇടതുപക്ഷത്തിനു ലഭിച്ച വോട്ടുകളോടൊപ്പം തന്നെ ഇത്തവണ ലഭിച്ചെങ്കിലും യുഡിഎഫിന് കുറവുകളുണ്ടായി.
എൻഡിഎ സ്ഥാനാർഥിയാകട്ടെ രണ്ടിരട്ടിയോളം വോട്ടുകൾ അധികമായി നേടുകയും ചെയ്തു. ഇതിനിടെ താരതമ്യേന കുഴപ്പമില്ലാത്ത വോട്ടിംഗ് ശതമാനമുള്ള എസ്ഡിപിഐ, പിഡിപി സ്ഥാനാർഥികളുടെ വോട്ടിലും കാര്യമായ കുറവുകളുണ്ടായെന്നതാണ് ശ്രദ്ധേയം.
ഇടതു-വലതു സ്ഥാനാർഥികൾ ന്യൂനപക്ഷ മുഖങ്ങളായിരുന്നുവെന്നത് എൻഡിഎ സ്ഥാനാർഥിയുടെ വോട്ടുവർധനയ്ക്കും കാരണമായി ചൂണ്ടിക്കാണിക്കാം. ഇത് ന്യൂനപക്ഷവോട്ടുകൾ ഭിന്നിച്ചുപോകാനും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ നിന്നും യുഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയതുമില്ല. രാഷ്ട്രീയേതര വോട്ടുകൾ കൂടി സ്വാംശീകരിക്കാൻ കഴിയുമെന്ന ഇടതുപക്ഷ ചിന്ത ഒടുവിൽ ഫലപ്രാപ്തിയിലെത്തി.
തുടക്കം മുതൽ ഒടുക്കം വരെ ശ്രദ്ധാകേന്ദ്രമായി ആലപ്പുഴ
ആലപ്പുഴ: വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ശ്രദ്ധാകേന്ദ്രമായി ആലപ്പുഴ മണ്ഡലം. എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് തുടക്കത്തിൽത്തന്നെ മേൽക്കൈ നേടിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. യുഡിഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പല സമയത്തും ലീഡ് നേടിയെങ്കിലും കൂടുതൽ ഘട്ടങ്ങളിലും ആരിഫാണ് ലീഡ് നിലയിൽ മുന്നിൽ നിന്നത്.
വോട്ടണ്ണലിന്റെ 30 ശതമാനം കഴിഞ്ഞതോടെ കുറഞ്ഞും കൂടിയും മേൽക്കൈയോടെ ആരിഫിന്റെ ലീഡ് നില തുടർന്നു. 38 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫിന്റെ ലീഡ് 5011 ആയെങ്കിലും 40 ശതമാനം കഴിഞ്ഞപ്പോൾ ലീഡ് 4642 ആയി കുറഞ്ഞു.
ഈ സമയമത്രയും കേരളത്തിലെ മറ്റു 19 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് മുന്നോട്ടു തന്നെ കുതിക്കുകയായിരുന്നു. എൽഡിഎഫ് ലീഡു ചെയ്യുന്ന ഏക മണ്ഡലമെന്ന നിലയിലും ഭൂരിപക്ഷത്തിന്റെ അടിക്കടിയുള്ള ഏറ്റക്കുറച്ചിലുകൾ കൊണ്ടും തുടക്കം മുതൽ ഒടുക്കം വരെ ആലപ്പുഴ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു.
94 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ആരിഫിന്റെ ഭൂരിപക്ഷത്തിന്റെ ചാഞ്ചാട്ടം തുടർന്നു. ഒടുവിൽ മുഴുവൻ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 10474 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഏക ആശ്വാസമായി ആരിഫ് വിജയം കണ്ടു.