രാജീവ് ഡിപരിമണം
കൊല്ലം: ഏറെ വാശിയേറിയ മത്സരം നടന്ന കൊല്ലം മണ്ഡലം വീണ്ടും പ്രേമചന്ദ്രന്റെ കൈകളിൽ.രാഷ്ട്രീയമായ ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടും പ്രേമചന്ദ്രൻ വിജയിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാനം. രാഷ്ട്രീയരംഗത്ത് ഇത്രയേറെ അപമാനിതനായ ഒരു നേതാവ് ഉണ്ടായിട്ടില്ല. അദ്ദേഹത്തെ തോൽപ്പിക്കാൻ മന്ത്രിമാർ എംഎൽഎമാർ ഉൾപ്പെട്ട വൻപടയാണ് കൊല്ലത്ത് തന്പടിച്ച് പ്രവർത്തിച്ചത്.
മുഖ്യമന്ത്രി മുന്പ് നടത്തിയ അധിക്ഷേപ പ്രസ്താവവും സംഘപരിവാറിന്റെ ആളെന്ന പ്രചാരണവും പ്രേമചന്ദ്രനെതിരെ പ്രചാരണമായുധമായി. പ്രേമചന്ദ്രനെ കോൺഗ്രസുമായി ഭിന്നിപ്പിക്കുവാൻ ഏറ്റവും ഒടുവിൽ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. കൊല്ലത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി പ്രേമചന്ദ്രനോടൊപ്പംപ്രവർത്തന രംഗത്ത് കർമനിരതരായിരുന്നു. ഇതും വിജയത്തിന് ഒരു ഘടകമായി.
കൊല്ലത്തെ എംപിയായും ചവറയിൽനിന്നുള്ള എംഎൽഎയായും മന്ത്രിയായും ജനഹൃദയങ്ങളിൽ ഇടംതേടിയ പ്രേമചന്ദ്രൻ ന്യൂനപക്ഷവിഭാഗത്തിന്റെ കണ്ണിലുണ്ണിയാണ്.കൊല്ലത്തെ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രേമചന്ദ്രൻ എന്നും മുന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഇക്കുറി 1,49,772 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ബാലഗോപാലിനെ തറപറ്റിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണമണ്ഡലം കൂടിയായിരുന്നു ുകൊല്ലം. സിപിഎം സകല അടവുകളും കൊല്ലത്ത് പയറ്റിയിട്ടും ജനവികാരം യുഡിഎഫിനായിരുന്നു. പ്രേമചന്ദ്രന്റെ വൻ ഭൂരിപക്ഷം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. വരും നാളുകളിൽ ഇതിന് പാർട്ടി മറുപടി പറയേണ്ടിവരും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെക്കാൾ പോളിംഗ് ശതമാനം ഉയർന്നത് സ്ഥാനാർഥികളുടെയും മുന്നണികളുടെയും പ്രതീക്ഷ വർധിപ്പിച്ചിരുന്നു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രേമചന്ദ്രനാണ് മേൽക്കൈ. മന്ത്രി മണ്ഡലങ്ങളായ കുണ്ടറയിലും പുനലൂരിലും സിപിഎം ഏറെ പിന്നിലാണ്. സിപിഎമ്മിന്റെ കനത്ത പരാജയമാണ് പ്രേമചന്ദ്രന് ലഭിച്ച വൻഭൂരിപക്ഷം.
ബിജെപിയുടെ വോട്ട് ലഭിക്കുമെന്ന വാദത്തിനും പ്രസക്തിയില്ല. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിന്റെ ഇരട്ടിയാണ് ഇത്തവണ ലഭിച്ചത്. പോളിംഗ് ശതമാനത്തിലെ വർധന യുഡിഎഫിന് അനുകൂലമായെന്നും തനിക്കെതിരേയുള്ള ആരോപണം വോട്ടർമാർ തള്ളുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയനെതിരേയുമുള്ള ജനവികാരമാണ് സംസ്ഥാനത്ത് പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.