ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ ലിവർപൂളിനോട് പരാജയപ്പെട്ട് പുറത്തായ സ്പാനിഷ് ക്ലബ് ബാഴ്സലോണ കോപ്പ ഡെൽ റേയ്ക്കായി ഇന്നിറങ്ങും. ലാ ലിഗ കിരീടം നേടിയ ബാഴ്സ ഇന്ന് അർധരാത്രി 12.30ന് നടക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ വലൻസിയയെ നേരിടും.
സീസണിലെ രണ്ടാമത്തെ പ്രധാന കിരീടമാണ് കറ്റാലൻസ് ഉന്നംവയ്ക്കുന്നത്. വലൻസിയ നിലവിൽ വന്നതിന്റെ നൂറാം വാർഷികമാണെന്നതിനാൽ കിരീടത്തിനായി അവർ കൈമെയ് മറന്നു കളിക്കും.
30 തവണ കോപ്പ ഡെൽ റേ സ്വന്തമാക്കിയ ബാഴ്സയാണ് കിരീട നേട്ടത്തിൽ ഏറ്റവും മുന്നിൽ. വലൻസിയ ഏഴ് തവണ കോപ്പ ഡെൽ റേയിൽ മുത്തമിട്ടിട്ടുണ്ട്. 17-ാം തവണയാണ് വലൻസിയ ഫൈനൽ കളിക്കുന്നത്. 2007-08നുശേഷം വലൻസിയ ഫൈനലിൽ എത്തുന്നത് ഇതാദ്യമാണ്. അതേസമയം, 2014-15 മുതൽ നാല് തവണ ബാഴ്സയായിരുന്നു ചാന്പ്യന്മാർ. തുടർച്ചയായ അഞ്ചാം കിരീടത്തിനാണ് ലയണൽ മെസിയും സംഘവും ഇറങ്ങുന്നത്.
നാലാം തവണയാണ് ബാഴ്സയും വലൻസിയയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 1952, 1954, 1971 വർഷങ്ങളിലായിരുന്നു മുന്പ്. 1954ൽ വലൻസിയ 3-0ന് ജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ സെമിയിൽ വലൻസിയയെ കീഴടക്കിയായിരുന്നു ബാഴ്സ ഫൈനലിലെത്തിയത്.
മെസിയുടെ പത്രസമ്മേളനം
നാല് വർഷത്തിനുശേഷം ലയണൽ മെസി പത്രസമ്മേളനത്തിന്. കോപ്പ ഡെൽ റേ ഫൈനലിനു മുന്നോടിയായാണ് മെസി, ജെറാർഡ് പിക്വെ പരിശീലകൻ ഏണസ്റ്റോ വൽവെർഡെ എന്നിവർക്കൊപ്പം പത്രസമ്മേളനത്തിനെത്തിയത്. ലിവർപൂളിനോട് രണ്ടാം പാദത്തിൽ പരാജയപ്പെട്ട് പുറത്തായത് ബാഴ്സയ്ക്ക് വൻ ക്ഷീണം ചെയ്തിരുന്നു.
2015 മേയ് അഞ്ചിനായിരുന്നു മെസി വാർത്താ സമ്മേളനത്തിൽ അവസാനമായി പങ്കെടുത്തത്. ചാന്പ്യൻസ് ലീഗിൽ ബയേണ് മ്യൂണിക്കിനെതിരായ ആദ്യ പാദ സെമിക്ക് മുന്പായിരുന്നു അത്. അന്നത്തെ പത്രസമ്മേളനത്തിനുശേഷം മെസി ബാഴ്സയ്ക്കായി 197 ഗോൾ നേടി, 77 അസിസ്റ്റ് നടത്തി, മൂന്ന് തവണ ലാ ലിഗയിൽ ഏറ്റവും അധികം ഗോൾ നേടി, 13 കിരീടങ്ങൾ, ഒരു ബാലൻ ഡി ഓർ എന്നിവ സ്വന്തമാക്കി.