മെൽബണ്‍: ലോകകപ്പിനു മുന്നോടിയായി ഏകദിനത്തിലെ ടോപ് ത്രീ ബാറ്റ്സ്മാന്മാരെ ഓസ്ട്രേലിയൻ മുൻ താരം മാർക്ക് വോ തെരഞ്ഞെടുത്തു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് ടോപ് ത്രീ ബാറ്റ്സ്മാന്മാരെന്ന് മാർക്ക് വോ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ് സൈറ്റിനായി നല്കിയ അഭിമുഖത്തിലാണ് മാർക്ക് വോ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഐസിസിയുടെ മൂന്ന് അവാർഡുകൾ കോഹ്ലി നേടിയിരുന്നു. ഇന്ത്യയെ മൂന്നാമത് ലോകകപ്പിലേക്ക് കോഹ്ലി നയിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. 59.57 ആണ് കോഹ്ലിയുടെ ഏകദിന ശരാശരി. 41 സെഞ്ചുറികളും ഉണ്ട്.
ജോസ് ബട്ലർ അസാമാന്യ ഫോമിലാണ് സമീപ നാളിൽ കളിക്കുന്നത്. ഈ മാസം പാക്കിസ്ഥാനെതിരേ 50 പന്തിൽ ബട്ലർ സെഞ്ചുറി തികച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ 77 പന്തിൽ 150 റണ്‍സും നേടി.
ഡേവിഡ് വാർണർ പന്ത് ചുരണ്ടലിനെത്തുടർന്നുള്ള സസ്പെൻഷനുശേഷമാണ് ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. ഐപിഎലിൽ വാർണർ മിന്നും ഫോമിലായിരുന്നു. മുൻ ഉപ നായകനായ വാർണറെ ആരോണ്‍ ഫിഞ്ചിനെ തഴഞ്ഞാണ് മാർക്ക് വോ മൂന്നാം നന്പറാക്കിയത്.