സ്വന്തംലേഖകന്‍
കോഴിക്കോട് : ഇടതുകോട്ടയില്‍ കയറി വിള്ളല്‍ തീര്‍ത്ത് സംസ്ഥാനത്ത് തരംഗമായി മാറിയിട്ടും കലിയടങ്ങാതെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടേയും വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും വിശ്വസിക്കുന്നത്.
വെട്ടിമാറ്റിയ വോട്ടുകൂടിയുണ്ടെങ്കില് ഭൂരിപക്ഷം ഇരട്ടിയിലധികമാവുമായിരുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടാണ് വെട്ടിനിരത്തിയതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതേ കണക്കുകള്‍ തന്നെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥിരീകരിച്ചിരുന്നു. ഇത്രയും യുഡിഎഫ് പ്രവര്‍ത്തകരുടെ വോട്ടുകളെ ഇല്ലതാക്കി തെരഞ്ഞെടുപ്പു ക്രമക്കേട് നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
മികച്ച ഭൂരിപക്ഷത്തോടെ 19 മണ്ഡലങ്ങളിലും വിജയിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് ക്രമക്കേടിനെ തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്മാറില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് “രാഷ് ട്രദീപിക’യോട് പറഞ്ഞു. ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കുണ്ട്. സംഘടിതവും ആസൂത്രിതവുമായാണ് തെരഞ്ഞെടുപ്പ് അട്ടിമറി നടന്നത്.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ബിഎല്‍ഒമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയോഗിച്ചത്. ബിഎല്‍ഒമാരില്‍ 90 ശതമാനവും സിപിഎം അനുഭാവികളാണ്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതു കൂടാതെ 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാർമാരില്‍ ഭൂരിപക്ഷം പേരും വോട്ട് വെട്ടിനിരത്തി . ഇവര്‍ സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനയിലുള്ളവരാണ്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും കോണ്‍ഗ്രസിന്റെ പ്രത്യേക സമിതിയും അന്വേഷണം തുടരുന്നുണ്ട്. കെ.സി.ജോസഫ് കണ്‍വീനറായുള്ള സമിതിയില്‍ എംഎല്‍എമാരായ സണ്ണി ജോസഫ്, ഐ.സി.ബാലകൃഷ്ണന് എന്നിവരും കെപിസിസി ഭാരവാഹികളായ കെ.പി.കുഞ്ഞിക്കണ്ണന്, വി.എ.നാരായണന്, ഉമാബാലകൃഷ്ണന്, സജി ജേക്കബ്, എന്‍.സുബ്രഹ്മണ്യന് , കെ.പി.അനില്‍കുമാര്‍, പി.എം.സുരേഷ്ബാബു എന്നിവരുമാണുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ പിഴവുകള്‍ ഉണ്ടായിരുന്നാതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യുഡിഎഫ് വോട്ടാണ് വെട്ടിനിരത്തിയതറിയാത്തത് സംഘടനാതലത്തില്‍ സംഭവിച്ച വലിയ വീഴ്ചയാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടേയും വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പാര്ട്ടിനേതാക്കന്മാരുടെ വീഴ്ചയില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണറിയുന്നത്. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മികച്ച വിജയം ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്.