കോട്ടയം: ബോംബ് പൊട്ടിച്ചിട്ടും കുലുങ്ങാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചു നീക്കുന്ന ജോലികൾക്കു പുലർച്ചെ തുടക്കമായി. സിമന്റ് പാളികൾ പൊളിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു.
24 മണിക്കൂറിനകം ജോലികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. നാളെയും നിയന്ത്രണമുണ്ട്.
നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണു റെയിൽവേയുടെ പുതിയ ശ്രമം. ഒരു പകൽ മുഴുവൻ കേരളത്തെ പിടിച്ചിരുത്തിയ പാലം പൊളിക്കൽ പൊളിഞ്ഞത് സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ബോംബ് വച്ച് തകർക്കാനുള്ള നീക്കം ഉപേക്ഷിച്ച് അതേ കമ്പനി തന്നെ പാലം അറുത്തുമാറ്റാൻ തീരുമാനിച്ചത്. സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമത്തിനിടെ പാലത്തിന്റെ ബലം മനസിലാക്കിയിരുന്നതാണ്.
സ്റ്റീൽ ബ്ലോക്ക് ഉപയോഗിച്ച് പാലത്തിനു താങ്ങു നല്കുന്ന ജോലികൾ പൂർത്തീകരിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം വൈദ്യുതി ലൈനുകൾ അഴിച്ചുനീക്കി. പിന്നാലെ പാലത്തെ പത്ത് കഷ്ണങ്ങളാക്കി മുറിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. എറണാകുളത്തു നിന്നെത്തിച്ച രണ്ടു ക്രെയിനുകൾ ഉപയോഗിച്ചാണു മുറിക്കുന്ന പാലം നീക്കുക.