ജോണ്സണ് വേങ്ങത്തടം
കൊച്ചി: എം.പി. വീരേന്ദ്രകുമാർ ദേശീയ തലത്തിലുള്ള സഖ്യം ഉപേക്ഷിച്ചു സംസ്ഥാന പാർട്ടിയായി മാറാനുള്ള തീരുമാനത്തിലേക്ക്. ലോക് താന്ത്രിക ജനതാദൾ പാർട്ടിയെ പിരിച്ചുവിട്ടു പഴയ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടിയെ പുനഃസൃഷ്ടിക്കും.
ലോക് താന്ത്രിക് ജനതാദൾ ദേശീയ അധ്യക്ഷൻ ശരത് യാദവ് ആർജെഡി പാർട്ടിയിൽ ചേർന്നു മത്സരിച്ചതോടെയാണ് വീരേന്ദ്രകുമാറിനു വിനയായത്. ഇതോടെ ദേശീയ പാർട്ടിയെ ആശ്രയിച്ചു സോഷ്യലിസറ്റ് ചിന്താഗതിയുള്ള ദേശീയപാർട്ടികളുടെ ഐക്യത്തിനു ശ്രമിച്ച വീരേന്ദ്രകുമാറിനു തിരിച്ചടിയാണ് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പഴയ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടിയെ വീണ്ടും പുനഃ നാമകരണം ചെയ്തു കേരളത്തിൽ അവതരിപ്പിക്കാനാണ് തീരുമാനം. അടുത്തമാസം ആദ്യവാരം തന്നെ സംസ്ഥാന സമിതി ചേർന്നു പ്രഖ്യാപനം ഉണ്ടാകും.
കർണാടകയിലെ ജനതാദൾ എസുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കം തുടക്കത്തിൽ തന്നെ ഉപേക്ഷിച്ചു. ദേശീയതലത്തിലോ മറ്റു സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികളുമായി ബന്ധം വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതുമൂലം പാർട്ടിക്കു ക്ഷീണം മാത്രമാണ് ലഭിച്ചത്.
കർണാടകത്തിൽ ജനതാദൾ എസ് നിലവിൽ കോണ്ഗ്രസുമായി യോജിച്ചാണ് മുന്നോട്ടു പോകുന്നതെങ്കിലും ഏതുനിമിഷവും ബിജെപി ലൈനിലേക്കുമാറാൻ കഴിയുന്ന പാർട്ടി നേതാക്കളാണ് ഈ പാർട്ടിയെ നയിക്കുന്നത്. സംസ്ഥാനത്തു ജനതാദൾ എസ് എൽഡിഎഫ് ലൈനിലാണ് പോകുന്നതെങ്കിലും അവരുമായി ലയിച്ചു മുന്നോട്ട് പോകേണ്ട അവശ്യം വീരേന്ദ്രകുമാറിന്റെ പാർട്ടിക്കില്ല. ഇവരും എൽഡിഎഫ് മുന്നണിയിലുണ്ട്. പുതിയ പാർട്ടിയെ സ്ഥാപിച്ചു സംസ്ഥാന രാഷ്ട്രീയം മാത്രം ശ്രദ്ധിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് ജനതാദൾ( എസ്ജെഡി) വീണ്ടും വരും. സംസ്ഥാനത്തെ സമാന സ്വഭാവമുള്ള ചെറുപാർട്ടികളെ ചേർത്തു പാർട്ടിയെ വിപുലീകരിക്കാനാണ് തീരുമാനം. ഇതിലേക്കു യുഡിഎഫിൽനിന്നും എൽഡിഎഫിൽ നിന്നും പുറത്തു നിൽക്കുന്നതുമായ പാർട്ടികളെയും ക്ഷണിക്കും. മലബാറിൽ മാത്രമല്ല, എല്ലാ ജില്ലകളിലും പാർട്ടി ഘടനയുള്ള പാർട്ടിയായി വളർത്താൻ സാധിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ പാർട്ടികൾക്കു മാത്രമാണ് സീറ്റ് നൽകിയത്. മറ്റുപാർട്ടികളെ മുഴുവൻ അവഗണിച്ചുവെന്ന പരാതി നേരത്തെയുണ്ടായിരുന്നു. എന്നിട്ടും വടകര പോലുള്ള പാർട്ടിക്കു ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലും പാർട്ടി ശക്തമായ പ്രവർത്തനം എൽഡിഎഫിനുവേണ്ടി കാഴ്ച വച്ചുവെന്നാണ് നേതാക്കൾ പറയുന്നത്. വടകരയിൽ ജയിച്ച ജയിച്ച കെ.മുരളീധരൻ ലോക്തന്ത്രിക് ജനതാദളിന്റെ വോട്ട് ലഭിച്ചുവെന്നു പറഞ്ഞിരുന്നു. എന്നാൽ പാർട്ടി എൽഡിഎഫിനുവേണ്ടിയാണ് നില കൊണ്ടതെന്നു നേതാക്കൾ വ്യക്തമാക്കുന്നു.