കളമശേരി: എംജി സർവകലാശാലയിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ വഴി ഫീസടയ്ക്കുന്ന സംവിധാനം ശരിയായരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നു പരാതി. വാഴ്സിറ്റിയുടെ അക്കൗണ്ടിലേക്കു ബാങ്കിൽനിന്നു പണം ക്രെഡിറ്റാകുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഓഫീസിൽ ഫീസ് എത്തുന്നില്ല.
ഗേറ്റ് വേ എറർ എന്നാണ് മെസേജ് വരുന്നത്. എന്നാൽ അഡ്മിഷൻ ഫീസായ 750 രൂപ ഇതേരീതിയിൽ വീണ്ടും അടയ്ക്കുമ്പോൾ കിട്ടുന്നുണ്ടെന്നും പറയുന്നു. ഫീസ് അടയ്ക്കുന്ന എല്ലാവർക്കും ഈ പ്രശ്നം ഉണ്ടാകാറില്ല. ഇടയ്ക്കിടയ്ക്കാണ് ഈവിധം സംഭവിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
എംജി സർവകലാശാല വെബ്സൈറ്റിൽ ബിരുദവിദ്യാർഥികൾക്ക് അപേക്ഷ നൽകണമെങ്കിൽ ആദ്യം ഫീസ് അടയ്ക്കണം. എന്നാൽ മാത്രമേ കോഴ്സുകളും കോളജുകളും തെരഞ്ഞെടുക്കാനാകൂ. ഇതുമൂലം ഫീസ് ലഭിച്ചില്ലെന്നു പറഞ്ഞാൽ വിദ്യാർഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കാനായി അപ്പോൾതന്നെ വീണ്ടും പണമടയ്ക്കുന്നു.
ബാങ്കിനും യൂണിവേഴ്സിറ്റിക്കുമിടയിലെ പണമിടപാട് നടത്തുന്ന സംവിധാനത്തിലെ പാളിച്ചകാരണം നിരവധി പേരുടെ പണമാണ് ഈവിധം ദിനംപ്രതി നഷ്ടപ്പെടുന്നത്. കുസാറ്റ് എൻട്രൻസിന് അപേക്ഷിച്ച വിദ്യാർഥികളുടെ തുകയും സമാനരീതിയിൽ നഷ്ടപ്പെട്ടതായി ആക്ഷേപമുണ്ട്.
900 രൂപ വീതമാണ് നഷ്ടമായത്. ബാങ്കിൽനിന്നു പോയ തുക പിന്നീട് അക്കൗണ്ടിലേക്ക് വരുന്നില്ലെന്നും ട്രാൻസാക്ഷൻ നമ്പറടക്കം പരാതി നൽകിയിട്ടും ഫലമില്ലെന്നും വിദ്യാർഥികൾ പറയുന്നു.