കൂത്തുപറമ്പ്: ഇണപിരിയാത്ത കൂട്ടുകാർ മരണത്തിലേക്ക് യാത്രയായതും ഒരുമിച്ച്. കൂത്തുപറമ്പ് ഏഴാംമൈലിലെ ഈക്കിലശേരി ഹൗസിൽ ജയദീപ്, ഭാര്യ ജ്ഞാനതീർഥ, അഭയം ഹൗസിൽ കിരൺ അശോക്, ഭാര്യ ജിൻസി എന്നിവരാണു മരണത്തിലും ഒന്നിച്ചായത്. വ്യാഴാഴ്ച രാത്രി മാണ്ഡ്യയ്ക്കടുത്ത് ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉറ്റസുഹൃത്തുക്കളായ നാലു യുവമിഥുനങ്ങൾ മരിച്ചെന്ന വാർത്ത ഇന്നലെ രാവിലെയാണു നാട്ടിലറിയുന്നത്. ഇതോടെ പ്രദേശം ശോകമൂകമായി.
പുലർച്ചെയെത്തിയ ദുരന്തവാർത്ത ആർക്കും ഒരുനിമിഷം വിശ്വസിക്കാനായില്ല. വീഡിയോഗ്രാഫർകൂടിയായ കിരൺ അശോകും ജിൻസിയും തമ്മിലുള്ള വിവാഹം ഒരു മാസം മുമ്പായിരുന്നു.
മധുവിധു ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും ഒരു വർഷം മുമ്പ് വിവാഹിതരായ ജയദീപിനെയും ഭാര്യ ജ്ഞാനതീർഥയെയും കൂട്ടി ചൊവ്വാഴ്ച വൈകുന്നേരം വിനോദയാത്രയ്ക്കായി ബംഗളൂരുവിലേക്കു പുറപ്പെട്ടത്.
തിരികെ നാട്ടിലേക്കുള്ള യാത്രയിലാണു മാണ്ഡ്യയ്ക്കടുത്ത് മധൂരിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുടെ പിന്നിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരിച്ചു. വീഡിയോഗ്രാഫറായ കിരൺ വലിയൊരു സുഹൃദ്ബന്ധത്തിന്റെ ഉടമയായിരുന്നു. സുഹൃത്തുക്കളുടെ മരണവാർത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് ഇന്നലെ രാവിലെ ഇരുവീടുകളിലുമെത്തിയത്.
അര കിലോമീറ്ററോളം ദൂരവ്യത്യാസത്തിലാണ് മരിച്ച ഇരുവരുടെയും വീടുകൾ. നാലുപേരുടെയും മൃതദേഹങ്ങൾ ബംഗളൂരുവിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രിയോടെ കണ്ണൂർ ഗവ.ആശുപത്രി മോർച്ചറിയിൽ എത്തിച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ ഏഴാംമൈൽ വായനശാലാ പരിസരത്തു മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയോടെ സംസ്കരിക്കും.