തൃശൂർ: സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി തൃശൂരിലെത്തിയപ്പോൾ വാസ്തവത്തിൽ സന്തോഷിച്ചതു ഇടതുമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസായിരുന്നു. മുൻ അനുഭവങ്ങൾവച്ച് കോണ്ഗ്രസ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ബിജെപിക്കു പോകുമെന്ന വിശ്വാസമായിരുന്നു കാരണം.
ഈ അനുഭവം മുന്നിൽകണ്ടാണ് കോണ്ഗ്രസിലെ ടി.എൻ. പ്രതാപനും താൻ ജയിക്കുമോയെന്നു കെപിസിസി യോഗത്തിൽ സംശയം പ്രകടിപ്പിച്ചത്. അഥവാ ജയിച്ചാൽതന്നെ 25,000 വോട്ടുകൾ മാത്രമേ ഭൂരിപക്ഷം കിട്ടൂവെന്നാണു പ്രതാപൻ തന്നെ പറഞ്ഞത്.
ഇടതുവോട്ടുകൾ ചോരില്ലെന്ന വിശ്വാസത്തിൽ രാജാജിയും കൂട്ടരും വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, പുറത്തുവന്ന ഫലം ഇരു പാർട്ടികളെയും ഞെട്ടിച്ചു. വോട്ടുചോർന്നതു രാജാജിയുടേതുമാത്രം. പ്രതീക്ഷിക്കാത്ത ലീഡ് കിട്ടിയതോടെ പ്രതാപനും അത്ഭുതം.
ഇടതിന്റെ ഉറച്ച വോട്ടുകൾ ചോർന്നതു പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും തലപൊക്കാൻ കാരണമാകും. സിറ്റിംഗ് എംപിയായിരുന്ന സി.എൻ. ജയദേവനെ വെട്ടി മറ്റൊരാളെ സ്ഥാനാർഥിയാക്കുന്നതിലെ തർക്കം പാർട്ടിയിലുണ്ടായിരുന്നു. വാട്സാപ്പ് സന്ദേശങ്ങൾ വഴി സി.എൻ. ജയദേവനെ പാർട്ടിക്കുള്ളിൽ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപമാണ് കെ.പി. രാജേന്ദ്രനു സ്ഥാനാർഥിത്വം നഷ്ടമാകാൻ കാരണം.
ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്ന മൂന്നാമത്തെയാളായ രാജാജി മാത്യു തോമസിനാണു നറുക്ക് വീണത്. ഇതോടെ സിപിഐയിലും വോട്ടുചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇതിനുപുറമേ സിപിഎം വോട്ടുകളും രാജാജിക്കു കിട്ടിയിട്ടില്ലെന്നാണു ചർച്ചകൾ നടക്കുന്നത്.
സിപിഎം നേതാക്കൾ വേണ്ടത്ര ശുഷ്കാന്തിയോടെ രാജാജിയുടെ പ്രവർത്തനങ്ങൾക്കു നേതൃസ്ഥാനത്തുണ്ടായിരുന്നില്ല. മന്ത്രി എ.സി. മൊയ്തീനെയും കേന്ദ്ര കമ്മിറ്റിയംഗമായ കെ. രാധാകൃഷ്ണനെയുമൊക്കെ പല വേദികളിലും കാണാതിരുന്നതും അണികൾക്കിടയിൽ ചർച്ചയായിരുന്നു.
പ്രചാരണത്തിന് എപ്പോഴും ഒപ്പമുണ്ടായിരുന്ന തൃശൂരിലെ എംഎൽഎ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ മണ്ഡലത്തിൽതന്നെ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്കു പോയതാണ് പാർട്ടിക്ക് ഏറ്റവും നാണക്കേടായത്. തൃശൂർ നിയോജകമണ്ഡലത്തിൽ സുരേഷ് ഗോപി 37,641 വോട്ടുകൾ പിടിച്ചപ്പോൾ രാജാജി മാത്യുവിന് 31,110 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഒന്നാം സ്ഥാനത്തുള്ള പ്രതാപൻ ഇവിടെ 55,668 വോട്ടുകൾ നേടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏറ്റവും ആദ്യം പ്രചാരണത്തിനിറങ്ങിയ രാജാജിക്ക് 3,21,456 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സുരേഷ് ഗോപിക്ക് 2,93,822 വോട്ടുകൾ ലഭിച്ചു. 4,15,089 വോട്ടുകൾ നേടിയാണ് ടി.എൻ.പ്രതാപൻ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചത്.