കൂത്തുപറമ്പ്: കതിരൂർ പുല്ല്യോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ അക്രമം. പുല്യോട് വെസ്റ്റ് എൽപി സ്കൂളിനു സമീപം എൻ.പ്രതീശന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും മുൻവശത്തെ ചുമരിലും വരാന്തയിലും കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നു പുലർച്ചെ 12.40 ഓടെയാണ് സംഭവം. ബഹളം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
ജനൽ ചില്ലിന്റെ ചീളുകൾ പ്രതീശന്റെ അനുജന്റെ ഭാര്യ രജിന, ഇവരുടെ മൂന്നര വയസുകാരിയായ മകൾ തൻവി എന്നിവരുടെ ദേഹത്ത് തെറിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം രാത്രിയും ഒരു സംഘം വീടിനു സമീപം വെച്ച് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതീശൻ പോലീസിനോടു പറഞ്ഞു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കാണിച്ച് കതിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.