കൂത്തുപറമ്പ്: ജീവിതത്തിൽ ഇണപിരിയാത്ത കൂട്ടുകാർ പ്രിയതമമാരോടൊപ്പം മരണത്തിലും ഒരുമിച്ച് യാ ത്രയായി. മാണ്ഡ്യയിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കൂത്തുപറമ്പ് സ്വദേശികളും യുവദമ്പതികളുമായ നാലുപേർക്ക് ഇന്നു രാവിലെ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കൂത്തുപറമ്പിനടുത്ത് ഏഴാംമൈലിലെ ഈക്കിലിശേരി ഹൗസിൽ ജയദീപ്, ഭാര്യ ജ്ഞാനതീർഥ, അഭയം ഹൗസിൽ കിരൺ അശോക്, ഭാര്യ ജിൻസി എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ബംഗളുരുവിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നാലു മൃതദേഹങ്ങളും ഇന്നലെ രാത്രി ഏഴരയോടെ കണ്ണൂരിലെത്തിച്ച് ജില്ലാശുപത്രിയിൽ സൂക്ഷിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെ നാലു മൃതദേഹങ്ങളും ഏഴാംമൈൽ കനാൽ കര പരിസരത്ത് പൊതുദർശനത്തിന് വെച്ചു.
ആത്മസുഹൃത്തുക്കളായവരുടെ ചേതനയറ്റ ശരീരം കണ്ട് പലർക്കും തേങ്ങലടക്കാനായില്ല. തുടർന്ന് ജയദീപ് -ജ്ഞാന തീർത്ഥ ദമ്പതികളുടെ മൃതദേഹങ്ങൾ ജയദീപിന്റെ വീട്ടിലും കിരൺ -ജിൻസി ദമ്പതികളുടെ മൃതദേഹങ്ങൾ കിരണിന്റെ വീട്ടിലും എത്തിച്ചു. കിരണിന്റെയും ഭാര്യ ജിൻസിയുടേയും മൃതദേഹങ്ങൾ ജിൻസിയുടെ ചൊക്ളിയിലെ വീട്ടിലും പൊതുദർശനത്തിന് വെച്ചിരുന്നു.
മൃതദേഹങ്ങൾ കണ്ടയുടൻ അലമുറയിട്ട ഉറ്റവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. ഗൾഫിലായിരുന്ന ജ്ഞാനതീർഥയുടെ മാതാപിതാക്കൾ മരണ വിവരമറിഞ്ഞ് ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ഉച്ചയോടെ ജയദീപിന്റെയും ജ്ഞാന തീർത്ഥയുടെയും മൃതദേഹങ്ങൾ ജയദീപിന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തുടർന്ന് കിരൺ – ജിൻസി ദമ്പതികളുടെ മൃതദേഹങ്ങൾ കിരണിന്റെ നീർവേലിയിലെ തറവാട് വക സ്ഥലത്തും സംസ്കരിച്ചു.
നൂറു കണക്കിനാളുകളാണ് പൊതുദർശനസ്ഥലത്തും ഇരുവരുടെ വീടുകളിലും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. നേതാക്കളായ പി.ജയരാജൻ, എം.വി.ജയരാജൻ, കെ.പി.മോഹനൻ, എ.പ്രദീപൻ, എം.സുരേന്ദ്രൻ, എം.സുകുമാരൻ,വത്സൻ പനോളി, വി.കെ.സുരേഷ് ബാബു, കെ.ധനഞ്ജയൻ, കെ. മനോഹരൻ, കെ.ശശിധരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.ഫോട്ടോഗ്രാഫർ കൂടിയായ കിരണിന്റെ വിയോഗത്തിൽ അനുശോചിച്ച് തലശേരി മേഖലയിലെ സ്റ്റുഡിയോകളും ഫോട്ടോഗ്രാഫി അനുബന്ധ സ്ഥാപനങ്ങളും ഇന്ന് ഹർത്താൽ ആചരിച്ചു.