തിരുവനന്തപുരം:പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് ഒരാഴ്ചമാത്രം അവശേഷിക്കേ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പുറപ്പെടുവിച്ചു.
സ്കൂളുകളുടെ സ്വന്തം വാഹനങ്ങളും രക്ഷിതാക്കൾ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളും കുട്ടികളെ കുത്തിനിറച്ച് പോകുന്നതോ മറ്റ് തരത്തിലുളള നിയമലംഘനം നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബെഹ്റ ഉത്തരവിട്ടു.
ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണം. അധ്യയനവർഷം തുടങ്ങുന്പോൾതന്നെ പഴുതടച്ച പരിശോധനകൾ നടത്താനും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തി കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം മുൻനിർത്തി കേരളാ പോലീസ് തയാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡർ (എസ്ഓപി) സംസ്ഥാന പോലീസിന്റെ http://www.keralapolice.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. എസ്ഓപി വെബ്സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത് തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂൾ മേധാവിമാർക്ക് കൈമാറാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.