ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരി പ്രിയങ്ക ഗാന്ധി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒന്നുചേർന്ന് രാഹുലിന്റെ തീരുമാനത്തെ എതിർത്തെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഈ തീരുമാനത്തെ പ്രിയങ്ക പിന്തുണച്ചെങ്കിലും നേതൃത്വത്തിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാൻ പാർട്ടിക്കു സമയം നൽകണമെന്ന് പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടു.
രാജി തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി തുടരാൻ തയാറാണെന്നുമാണ് പ്രവർത്തക സമിതിയിൽ രാഹുൽ പ്രഖ്യാപിച്ചത്. എന്നാൽ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാമെന്നായി നേതാക്കൾ. ഇതിനെ എതിർത്ത രാഹുൽ, തന്റെ സഹോദരിയെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തിൽനിന്നു തന്നെ കോണ്‍ഗ്രസ് അധ്യക്ഷൻ വേണമെന്നില്ലെന്നും രാഹുൽ പറഞ്ഞു.
നേരത്തെ, രാഹുലിന്റെ നിർബന്ധ പ്രകാരമാണ് പ്രിയങ്ക രാഷ്ട്രീയ പദവി ഏറ്റെടുക്കാൻ തയാറായതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയ്ക്കു രാഹുൽ ഉത്തർപ്രദേശിന്റെ ചുമതല നൽകിയെങ്കിലും കോണ്‍ഗ്രസിന് ഇവിടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, രാഹുലിന്റെ അമേഠി നഷ്ടപ്പെടുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടുന്ന 52 അംഗ പ്രവർത്തക സമിതി രാഹുലിന്റെ രാജി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സോണിയ ഗാന്ധിയും പ്രിയങ്കയും രാഹുലിന്റെ തീരുമാനത്തിൽ ഇടപെടില്ല എന്ന തീരുമാനത്തിലാണ്. രാഹുലിന്റെ തീരുമാനം വ്യക്തിപരമാണെന്നും അവർ പറയുന്നു.