പറവൂർ: ഇടപ്പള്ളി പോണേക്കരയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇടപ്പള്ളി നോർത്ത് ആലിയത്തുപറമ്പ് ബിജുവിനു (35) ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
ഇടപ്പള്ളി നോർത്ത് പോണേക്കര പത്മവിലാസത്തിൽ രവികുമാർ (42) ആണു കൊല്ലപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന തുക കൊല്ലപ്പെട്ട രവികുമാറിന്റെ കുടുംബത്തിനു നൽകും. കേസിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. രണ്ടു മുതൽ ഏഴു വരെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
2015 ജനുവരി 21നു പോണേക്കര ചങ്ങമ്പുഴ ക്രോസ് റോഡിൽ വച്ചായിരുന്നു സംഭവം. രവികുമാർ വാടകയ്ക്കു കൊടുത്തിരുന്ന വീട്ടിലെ സ്ത്രീയോടു പ്രതി അപമര്യാദയായി പെരുമാറി. ഇക്കാര്യം പോലീസിൽ അറിയിച്ചതിലും നാട്ടിൽ മറ്റുള്ളവരോടു പറഞ്ഞതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കടയിൽ മരുന്നു വാങ്ങാൻ പോയ രവികുമാറിനെ ഭാര്യ സുബിയുടെ കൺമുന്നിൽവച്ച് പ്രതി കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. ഉടൻ രവികുമാറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ച സുബിയെ ബിജു തള്ളിയിടുകയും വീഴ്ചയിൽ സുബിക്കു പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ചാണു രവികുമാർ മരിച്ചത്.
കളമശേരി സിഐ ആയിരുന്ന കെ.ജെ. മാർട്ടിനാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.