തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇടത് നേതാക്കൾക്കിടയിൽ ഭിന്നത. മന്ത്രി എ.കെ.ബാലനാണ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ രംഗത്തെത്തിയത്. വിജയ രാഘവൻ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് ബാലൻ കുറ്റപ്പെടുത്തി.
ആലത്തൂരിലെ എൽഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമർശങ്ങളാണെന്നും ബാലൻ പറഞ്ഞു. എന്നാൽ, ബാലന്റെ വിമർശനത്തോട് വിജയരാഘവൻ പ്രതികരിച്ചില്ല.
നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശബരിമല വിഷയത്തിലും ഇടതു മുന്നണിയിലെ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിജയരാഘവനെ വിമർശിച്ച് എ.കെ.ബാലൻ തന്നെ രംഗത്ത് വന്നത്.