അന്പലപ്പുഴ: രോഗി മരിച്ചിട്ടും നോക്കുകൂലി പെൻഷൻ തുടരുന്നു. കിടപ്പുരോഗികളെ നോക്കുന്ന ബന്ധുക്കൾക്കായുള്ള ആശ്വാസ കിരണ്‍ പദ്ധതിയിലൂടെ സർക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. സാമൂഹ്യക്ഷേമ വകുപ്പ് മുഖാന്തിരം നിർധനരായ കിടപ്പു രോഗികളെ പരിചരിക്കുന്നവർക്ക് ആശ്വാസമായി മാസം 600 രൂപ വീതം പോസ്റ്റോഫീസ് വഴി വീടുകളിലെത്തിച്ചു നൽകുന്ന ആശ്വാസ കിരണ്‍ പദ്ധതിയാണ് പാഴായി പോകുന്നത്.
കിടപ്പു രോഗി മരണപ്പെട്ടാൽ വിവരം അടുത്തുള്ള അംഗൻവാടി ജീവനക്കാരെ അറിയിക്കുകയും അവർ സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിക്കണമെന്നുമാണ് ചട്ടം. എന്നാൽ കിടപ്പു രോഗി മരണപ്പെട്ടിട്ടും വിവരം അധികൃതരെ അറിയിക്കാതെ വർഷങ്ങളായി പലരും പണം കൈപ്പറ്റുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പോസ്റ്റുമാൻമാർക്ക് ഈ വിവരം അറിയാമെങ്കിലും ഒരാളുടെ പേരിൽ വരുന്ന മണിയോർഡർ കൊടുക്കാതിരിക്കാൻ കഴിയില്ല.
ജില്ലയിലെ ഓരോ പോസ്റ്റോഫീസിലും ഇതുപോലെ 15 പേരോളം പണം വാങ്ങുന്നുണ്ടെന്നാണ് പോസ്റ്റുമാൻമാർ പറയുന്നത്. ഓരോ പോസ്റ്റോഫീസിനു കീഴിലും 200 ഓളം പേർക്കാണ് 600 രൂപ വീതം മണിയോർഡർ ലഭിച്ചു വരുന്നത്. സാധാരണക്കാരായ നിർധന കിടപ്പു രോഗികളെ പരിചരിക്കാനായി സാമൂഹ്യ വകുപ്പ് നൽകി വരുന്ന പെൻഷൻ പദ്ധതി അട്ടിമറിക്കുന്നവർക്കെതിരെ ശകതമായ നടപടി എടുക്കണമെന്നാണ് അർഹതപ്പെട്ട പെൻഷൻ വാങ്ങുന്നവർ പറയുന്നത്. സർക്കാർ തലത്തിൽ വിവരശേഖരം നടത്തണമെന്ന ആവശ്യവും ശക്തമാണ്.