വാവ സുരേഷിന്റെ ജീവിതം ഇങ്ങനെയായിട്ട് മുപ്പതു വർഷമാകുന്നു. ഇതി നോടകം വീടുകളിലും പുരയിടങ്ങളിലും കിണറുകളിലും മാളങ്ങളിൽനിന്നുമൊക്കെ പിടിച്ച പാന്പുകളുടെ എണ്ണം അര ലക്ഷം. പിടിച്ചെടുത്ത പാന്പുകൾ പ്രസവിച്ചും മുട്ടയിട്ടും വീട്ടിൽ പെരുകിയ പതിനയ്യായിരം പാന്പുകളെ വേറെയും കൈകാര്യം ചെയ്തു.
45 അണലിക്കുഞ്ഞുങ്ങളെയും 53 മൂർഖൻമുട്ടകളെയും ഉൾപ്പെടെ നൂറിലേറെ പാന്പുകളെ പിടിക്കേണ്ടിവന്ന ദിവസങ്ങളുമുണ്ട്. ഇതിനോടകം കൈയേറ്റുവാങ്ങിയ രാജവെന്പാലകളുടെ എണ്ണം 163. ലോകത്തൊരിടത്തും ഒരാൾക്കും ഇങ്ങനെയൊരു റിക്കാർഡില്ലെന്നാണ് സുരേഷിന്റെ ഉറപ്പ്. സ്വന്തമായി ഒരു പാന്പുഡയറി സുരേഷിനുണ്ട്. ഇനം, പിടിച്ച സ്ഥലം, വിലാസം, തൂക്കം തുടങ്ങി വിവരങ്ങൾ.
ശാന്തമായി ഒന്നുറങ്ങിയിട്ട്…
ശാന്തമായി ഒന്നുറങ്ങിയിട്ട് വർഷങ്ങളായെന്നാണ് സുരേഷ് പറഞ്ഞുതുടങ്ങിയത്. ഓരോ മണിക്കൂറിലും പലയിടങ്ങളിൽനിന്നായി ഫോണുകൾ വന്നുകൊണ്ടിരിക്കും. എല്ലാ കോളുകളുടെയും വിഷയം പാന്പുതന്നെ. വിവിധ ജില്ലകളിലായി ദിവസവും ശരാശരി 300 കിലോമീറ്റർ ടാക്സി കാറുകളിൽ യാത്ര.
അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടെന്നാണ് സുരേഷിന്റെ ഡയറികൾ പറയുന്നത്. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ പേരുവിള വീട്ടിൽ ബാഹുലേയന്റെയും കൃഷ്ണമ്മയുടെയും മകനായ സുരേഷ് പാന്പുകളുടെ തോഴനായത് പതിമൂന്നാം വയസിലാണ്. സുരേഷ് എന്ന പേര് വാവ എന്ന് അമ്മയിട്ട ഓമനപ്പേരുകൂടി ചേർത്തപ്പോൾ വാവാ സുരേഷായി മാറിയതാണ്.
പത്മശ്രീ ദേശീയ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ഇദ്ദേഹം പാന്പുകൾക്കൊപ്പമായിട്ട് 30 വർഷമാകുന്നു. പാന്പു കടിയേറ്റ് ആശുപത്രിയിൽ കിടന്ന ദിവസങ്ങളിലൊഴികെ ദിവസവും നാലഞ്ചു പാന്പുകളെയെങ്കിലും കൈയേൽക്കേണ്ടിവന്നിട്ടുണ്ട്.
സൂക്ഷിക്കാനിടമില്ല
പാന്പുപിടിത്തത്തിലെ തിരക്കല്ല സുരേഷിനിപ്പോൾ തടസമായിരിക്കുന്നത്. പിടിയിലാകുന്ന പാന്പുകളെ സൂക്ഷിക്കാൻ ഇടമില്ലെന്നതാണ് പരിമിതി. ചാക്കിലാക്കിയാൽ മൂർഖനും രാജവെന്പാലയും തുളച്ചു പുറത്തുപോകും. പാന്പ് ഇഴഞ്ഞ് വീണ്ടും വീടുകളിലോ മാളത്തിലോ കയറും. അതിനാൽ വലിയ മിഠായിഭരണികളും പ്ലാസ്റ്റിക് ടാങ്കുമൊക്കെ വാങ്ങി അതിൽ സുഷിരമിട്ട് പാന്പുകളെ സൂക്ഷിക്കുകയാണ്.
വീട്ടിൽ ഇടമില്ലാത്തതിനാൽ ആൾപാർപ്പില്ലാത്ത അയലത്തെ പറന്പുകളിലാണ് ഇവയുടെ സൂക്ഷിപ്പ്. ഇപ്പോഴത്തെ വേനൽമാസങ്ങളിൽ ആഴ്ചയിൽ കുറഞ്ഞത് ഇരുന്നൂറു പാന്പുകൾ കരുതലായി വരും. പിടിച്ചവയെ രണ്ടു ദിവസത്തിനുള്ളിൽ വനത്തിൽ തന്നെ വിടണമെന്നാണ് താത്പര്യമെങ്കിലും തിരക്കുകാരണം അതു നടപ്പാകുന്നില്ല.
പാന്പു കയറിയേ എന്ന നിലവിളിയും ഭീതിയും ഫോണിൽ കേൾക്കുന്പോൾ അപ്പോഴേ യാത്ര പുറപ്പെടും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ. യാത്രക്കിടെ ഇടവേളകളിൽ മൂന്നോ നാലോ മണിക്കൂറാണ് ഉറക്കം. എങ്ങനെയും അൽപ സമയം കണ്ടെത്തിയാണ് സർപ്പങ്ങളെ കാറിൽ കയറ്റിക്കൊണ്ടു പോയി കാട്ടിൽ തുറന്നുവിടുന്നത്.
റാന്നിയിലെത്തി പാന്പുകളെ വനം വകുപ്പിന്റെ വണ്ടിയിലാക്കും. ശബരിമല വനത്തിലെ ഗവിയിൽ ആറേഴു കിലോമീറ്റർ ഉൾവനം കയറി വനപാലകർ പറയുന്ന ഇടങ്ങളിലായി തുറന്നുവിടും.
ആദ്യ പരിഗണന രാജവെന്പാലയ്ക്ക്
ദിവസം പത്തു കോളുകൾ വരെ സുരേഷിന്റെ ഫോണിൽ എത്താറുണ്ട്. ഫോണ് വിളിയിൽ ഒന്നാം പരിഗണന നൽകുക രാജവെന്പാലയ്ക്ക്. രണ്ടാമത് മൂർഖന്. മൂന്നാമത് അണലി. കാട്ടിലെ ആവാസവ്യവസ്ഥ മാറിയതോടെ രാജവെന്പാലകൾ നാടിറങ്ങിത്തുടങ്ങി. നാട്ടിലെ പുരയിടങ്ങളിൽ കൃഷിയില്ലാതെ കാടുകയറിയതോടെ പാന്പു നാട്ടിലും പെരുകി. തീറ്റ തേടി പലതും മനുഷ്യവാസ ഇടങ്ങളിലേക്ക് കടന്നുവരികയും ചെയ്യുന്നു.
എവിടെ നിന്നു കോൾ വന്നാലും സുരേഷ് സ്ഥലവും വിലാസവും നന്പറും ഡയറിയിൽ കുറിച്ചിടും. എത്താൻ പറ്റുന്ന സമയവും അറിയിക്കും. അതുവരെ പാന്പിനെ പ്രകോപിപ്പിക്കാതെ നീക്കം നിരീക്ഷിക്കാൻ നിർദേശം നൽകും. തിരക്കുദിവസങ്ങളിൽ രണ്ടാം ദിവസമൊക്കെയേ ദൂരയിടങ്ങളിൽ ചെന്നുപറ്റാനാകുന്നുള്ളു.
പാന്പിനെ പിടിച്ചു കൈയിലാക്കിയ ശേഷം ആ ഇനത്തെക്കുറിച്ച് അര മണിക്കൂർ നാട്ടുകാർക്ക് വിജ്ഞാനം പകർന്നശേഷമേ മടങ്ങൂ. പത്തിവിരിച്ച രാജവെന്പാലയെ കൈയിലേന്തിയ സുരേഷിന്റെ ഫോട്ടോയെടുപ്പും പിന്നെ സെൽഫിക്കാരുടെയും വീഡിയോക്കാരുടെയും കൂട്ടയിടിയുമാണ് പലപ്പോഴും താമസവും തടസവുമാകുക. ചിലപ്പോൾ മാളം പൊളിക്കാൻ ജെസിബിയും കിണറ്റലിറങ്ങാൻ വടവുമൊക്കെ വേണ്ടിവരും.
ആഴക്കിണറ്റിൽ ഇറങ്ങി പാന്പിനെ കൈയിലൊതുക്കി തിരികെ കയറ്റമാണ് ഏറ്റവും ദുഷ്കരം. ചിലതു മരത്തിലോ മരപ്പൊത്തിലോ ഇരുന്നാവും നാട്ടുകാരെ പേടിപ്പിക്കുന്നത്. ഉഗ്രവിഷമുള്ള രാജവെന്പാലയെ കൈപ്പിടിയിലാക്കി പത്തിയിൽ ചുംബിക്കാറുള്ള സുരേഷിനു പറയാൻ പാന്പു വിജ്ഞാനം ഏറെയാണ്. പുസ്തക ടിവി പരിചയത്തെക്കാൾ മൂന്നു പതിറ്റാണ്ടിന്റെ അനുഭവജ്ഞാനമാണ് കൈമുതൽ.
ആണോ പെണ്ണോ?
പാന്പിന്റെ തലയിലെയും വാലിലെയും നിറവും വരയും നോക്കിയാൽ പ്രായം കൃത്യമായി പറയാം. തലയും ചുണ്ടും വാലും കണ്ടാൽ ആണോ പെണ്ണോ എന്നറിയാം.
കൈയിലെടുക്കുന്പോഴെ തൂക്കവും നീളവും പറയാം. രാജവെന്പാലയുടെ നീളം പന്ത്രണ്ട് അടി മുതൽ 19 അടി വരെയാകാം. ശരാശിരി തൂക്കം ഒൻപതു കിലോ വരും. കോന്നി തവളപ്പാറയിലും തെൻമലയിലും നിന്ന് 19 കിലോ തൂക്കമുള്ള അതിവന്പൻ നാഗരാജാവിനെയും പിടികൂടിയിട്ടുണ്ട്. സുരേഷിന്റെ അനുഭവത്തിൽ തെൻമലയിൽ പിടിച്ച രാജവെന്പാലയ്ക്ക് കവുങ്ങിന്റെ വണ്ണമുണ്ടായിരുന്നു. എട്ടടിപ്പൊക്കത്തിൽ പത്തിയെടുത്ത്ു കാണിച്ചു.
അണലിയും മണ്ണുളിയനും ഇരുതലപ്പാന്പും പ്രസവിക്കുന്ന ഇനങ്ങളാണ്. അണലി
പലപ്പോഴും പത്തിരുപതു കുഞ്ഞുങ്ങൾക്കൊപ്പമായിരിക്കും കിടപ്പ്. അണലിക്കുഞ്ഞും അപകടകാരിയായതിനാൽ കൈയിലെടുക്കുന്പോൾ സൂക്ഷിക്കണം. മൂർഖനും പെരുന്പാന്പും രാജവെന്പാലയുമൊക്കെ മുട്ടയിട്ടു വിരിയിക്കുകയാണ്. എന്നാൽ ഇന്നേ വരെ രാജവെന്പാലയുടെ മുട്ട കണ്ടെടുക്കാനായിട്ടില്ല. ഉൾവനങ്ങളിൽ മുളങ്കാടുകൾക്കും ചോലകൾക്കും മധ്യേ കൂടുകെട്ടിയാണ് നാഗരാജ്ഞിയുടെ മുട്ടയിടീൽ.
സുരേഷിനെ കണ്ടാൽ പാന്പ് തോഴനായി മാറുമെന്ന പറച്ചിലൊന്നും ശരിയല്ല. ആഴ്ചയിൽ മൂർഖന്റെ ഒരു കടിയെങ്കിലും കിട്ടാറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. പാന്പുവിഷം പ്രതിരോധിക്കാനുള്ള ആന്റിവെനം ശരീരത്തിലുള്ളതിനാൽ വിഷം സുരേഷിന് ഏൽക്കുന്നില്ല.
അപ്പോൾ രാജവെന്പാല കൊത്തിയാലോ എന്നായി ചോദ്യം. രാജവെന്പാല കൊത്തിയാൽ സാധാരണക്കാരൻ മിനിറ്റുകൾക്കുള്ളിൽ മരിക്കും. എന്നാൽ തനിക്ക് മൂന്നു നാലു മണിക്കൂർ വരെ വിഷം ചെറുക്കാൻ പ്രതിരോധശക്തിയുണ്ട്. ഉടൻ ചികിത്സ തേടും അത്രമാത്രം. ഏതു പാന്പിനും ആന്റിവെനം ഒന്നുതന്നെ. പ്രത്യേകമായി ഓരോ പാന്പിന്റെയും കടിക്ക് പ്രത്യേകം ആന്റിവെനമില്ല.
എല്ലാം വെറും കെട്ടുകഥ
പാന്പുകളെപ്പറ്റി പഴമക്കാർ പറയുന്നതിൽ 90 ശതമാനം കാര്യങ്ങളും കെട്ടുകഥകൾ മാത്രമാണെന്ന് വാവ. വലിയ തമാശയാണ് എട്ടടി മൂർഖൻ കടിച്ചാൽ എട്ട് അടി നടക്കുന്പോഴേക്കും മരിക്കുമെന്നത്. എട്ടടി മൂർഖൻ എന്നു പറയുന്ന ഒരു പാന്പേ ഇല്ല. വെള്ളിക്കെട്ടൻ അഥവാ ശംഖുവരയനെയാണ് എട്ടടി മൂർഖൻ എന്നു വിളിച്ചിരുന്നത്. പാന്പുകളിൽ നാഗമാണിക്ക്യം ഉണ്ടെന്നുള്ള കഥയും ഇരുതല പാന്പിനെ വളർത്തിയാൽ ഭാഗ്യം വരുമെന്നുമൊക്കെയുള്ളത് കെട്ടുകഥ മാത്രം.
സന്ധ്യസമയങ്ങളിൽ ചൂളമടിച്ചാൽ വീട്ടിൽ പാന്പുകൾ വരുമെന്നുള്ളതും കഥയില്ലാത്ത കഥ. ചെവിയില്ലാത്ത പാന്പുകൾക്ക് ചൂളം വിളി എന്നല്ല, ഒരു ശബ്ദവും കേൾക്കാൻ കഴിയില്ല. കന്പനങ്ങളെ തന്റെ ത്വക്ക് വഴി പിടിച്ചെടുത്താണ് പാന്പുകൾ കാര്യങ്ങൾ തിരിച്ചറിയുന്നത്.
വൈകുന്നേരങ്ങളിൽ കപ്പ വേവിച്ച് ഉൗറ്റിയെടുക്കുന്ന ഗന്ധം വന്നാൽ അത് അണലി വായ് തുറക്കുന്നതിന്റെ ഗന്ധമാണെന്ന് പഴമക്കാർ പറഞ്ഞിരുന്നു. വൈകുന്നേരം വിരിയുന്ന പാടത്താളി എന്ന ഒൗഷധ പൂച്ചെടിയുടെ ഗന്ധമാണ് അണലിയുടെ ഗന്ധമായി ജനങ്ങൾ തെറ്റിദ്ധരിക്കുന്നത്. ഒരു കടുകുമണിയുടെ വലിപ്പം മാത്രമുള്ള നീല നിറത്തിലുള്ള ഈ പൂവ് വിരിയുന്പോൾ പുറപ്പെടുവിക്കുന്ന ഗന്ധമാണ് അണലിയുടേതായി തെറ്റിദ്ധരിക്കപ്പെടുന്നത്.
പാന്പിനെ തുരത്താൻ
വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ് തളിച്ചാൽ പരിസരത്ത് പാന്പുകൾ വരില്ലെന്ന വിശ്വാസം ശുദ്ധ അബദ്ധമാണ്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാന്പിനെ അകറ്റുമെന്നാണ് വിശ്വാസം. എന്നാൽ വെളുത്തുള്ളിയും പാന്പുമായി യാതൊരു ബന്ധവുമില്ല. പാന്പിന് ഗന്ധം ആവാഹിക്കാൻ കഴിവില്ല. അതേ സമയം പാന്പിനെ തുരത്താൻ വഴിയുണ്ട്. പച്ചവെള്ളത്തിൽ അൽപം മണ്ണെണ്ണ ചേർത്ത് വീടിന് ചുറ്റും തളിച്ചാൽ പാന്പുകൾ അടുക്കില്ലെന്ന് സുരേഷിന്റെ മുന്നറിയിപ്പ്. നാവുകൊണ്ടാണ് പാന്പ് വസ്തുക്കളെ തിരിച്ചറിയുന്നത്.
ഇരയേയും ഇണയേയും പാന്പുകൾ തിരിച്ചറിയുന്നത് നാവുകൊണ്ടുതന്നെ. മണ്ണെണ്ണ, ഡീസൽ തുടങ്ങിയ വസ്തുക്കൾ പാന്പുകളെ സംബന്ധിച്ച് ആസിഡുകളാണ്. ഉപദ്രവിച്ചാൽ പാന്പു പകയോടെ തിരികെ വരുമെന്ന വിശ്വാസവും തെറ്റ്. ഇത്തരം ബുദ്ധിയൊന്നും പാന്പിനില്ല. പാന്പിനെ കണ്ടാൽ വഴി മാറിപ്പോകുക, അതല്ലെങ്കിൽ പിടിച്ച് കാട്ടിൽ വിടുക എന്നതാണ് ഇദ്ദേഹത്തിന്റെ ഉപദേശം.
മനുഷ്യരുടെ ആക്രമണത്തിൽനിന്നു പാന്പുകളെ രക്ഷിച്ച് അവയ്ക്കിണങ്ങുന്ന ആവാസ വ്യവസ്ഥയിൽ ജീവിക്കാൻ അവസരം കൊടുക്കുക എന്നതാണ് പാന്പുപിടിത്തത്തിൽ തന്റെ കർമവും ലക്ഷ്യവുമെന്ന് വാവ സുരേഷ്.
-റെജി ജോസഫ്