കൊട്ടാരക്കര: തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ആർ.ബാലകൃഷ്ണപിള്ള തന്നെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തവയായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. തനിക്കതിൽ വ്യക്തിപരമായ ഖേദമുണ്ടെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.കള്ളനെന്നും മഹാകള്ളനെന്നുമാണ് എൽഡിഎഫിന്റെ പല യോഗങ്ങളിലും പിള്ള തന്നെക്കുറിച്ചു പറഞ്ഞത്. എന്നാൽ താൻ എന്തു കട്ടെന്ന് പിള്ള പറഞ്ഞിട്ടില്ല.
എൽഡിഎഫിന്റെ മറ്റു നേതാക്കൻമാരാരും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ല. ആർ.ബാലകൃഷ്ണപിള്ളയോട് തനിക്ക് വിദ്വേഷമില്ലെന്നും ആദരവു മാത്രമാണുള്ളതെന്നും കൊടിക്കുന്നിൽ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ തല മുതിർന്ന നേതാവെന്ന നിലക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വിസ്മരിക്കാനാവില്ല. കൊട്ടാരക്കരയുടെ വികസനത്തിന് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മാറുമ്പോൾ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല.
ഏഴാമത് തവണയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.നാലു തവണ അടൂർ മണ്ഡലത്തിൽ നിന്നും മൂന്നു തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഒന്പതു തവണ മൽസരിച്ചപ്പോൾ രണ്ടു പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിൽ ഇപ്പോഴത്തേത് ഹാട്രിക് വിജയമാണ്. കൊട്ടാരക്കര, പത്തനാപുരം അസംബ്ലി മണ്ഡലങ്ങൾ ഇല്ലാതായ അടൂർ മണ്ഡലത്തിലും നിലവിലെ മാവേലിക്കര മണ്ഡലത്തിലും ഉൾപ്പെടുന്നുണ്ട്.
മറ്റെല്ലാ അസംബ്ലി മണ്ഡലങ്ങളിലും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതുപോലെ ഈ രണ്ടു മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടാൻ ഇത്തവണയും കഴിഞ്ഞു. ചിലരുടെ വാതുവെപ്പും വെല്ലുവിളികളും ജനം തള്ളിക്കളയുകയാണുണ്ടായത്. ചെങ്ങന്നൂരിൽ സജി ചെറിയാന്റെ വെല്ലുവിളിയെ മറികടന്ന് 10,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. ചരിത്രത്തിലാദ്യമായി മാവേലിക്കര അസംബ്ലി മണ്ഡലത്തിലും മുന്നിലെത്താൻ കഴിഞ്ഞു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്താൻ കഴിഞ്ഞിട്ടുള്ളത്. അത് വിജയത്തിന്റെ പ്രധാന ഘടകവുമാണ്. ശബരിമല വിഷയവും എൻഎസ്എസ്.നിലപാടും ന്യൂനപക്ഷ ഏകീകരണവും യുഡിഎഫിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. യാതൊരു വിധ ഭിന്നാഭിപ്രായങ്ങളുമില്ലാതെയായിരുന്നു തെരഞ്ഞെടുപ്പു പ്രവർത്തനം.
ശബരിമല വിഷയത്തിൽ ബിജെപിയുടെ കാപട്യം ജനം തിരിച്ചറിഞ്ഞു.പാർലമെന്റിൽ നിയമനിർമാണം നടത്താതെ ശബരിമലയെ കലാപഭൂമിയാക്കാനാണ് അവർ ശ്രമിച്ചത്.അതിനുള്ള തിരിച്ചടി അവർക്ക് ലഭിക്കുകയും ചെയ്തു. കോടതി വിധി വീണ്ടും യുവതീ പ്രവേശനത്തിനുകൂലമായാൽ പാർലമെന്റിൽ നിയമനിർമാണം നടത്താൻ മുൻകയ്യെടുക്കുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
ഒരു ജില്ലാ ആസ്ഥാനം പോലുമില്ലാത്ത മണ്ഡലമാണ് മാവേലിക്കര. മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. ഇതു മൂലം പൊതുവായ വികസനത്തിന് പരിമിതികളുണ്ട്. കശുവണ്ടി മേഖല, റെയിൽവേ, ദേശീയപാത എന്നിവയുടെ വികസനത്തിന് പ്രത്യേക പരിഗണ നൽകും. മറ്റ് എംപിമാരുടെ സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കും.
പാർലമെന്റിൽ സീനിയർ എംപിമാരുടെ ഗണത്തിലാണ് താനിപ്പോൾ. കഴിഞ്ഞ തവണ കോൺഗ്രസ് പാർലമെന്ററി പാർട്ടി കൺവീനറായിരുന്നു. ഇത്തവണയും അത്തരം പരിഗണനകളുണ്ടായേക്കാം.പ്രതിപക്ഷത്തെ അവഗണിക്കുന്ന സമീപനമാണ് മോദി ഭരണത്തിന്റേതെന്നും മോദി – അമിത് ഷാ കൂട്ടുകെട്ട് ഇതര രാഷ്ട്രീയ പാർട്ടികൾക്കും രാജ്യത്തിനും ദോഷകരമാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. യുഡിഎഫിനുവേണ്ടി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്ത മുഴുവൻ പേർക്കും അദ്ദേഹം നന്ദി അറിയിച്ചു.