‘ശ്രീകൃഷ്ണപുരം: ഗജലക്ഷണങ്ങൾ എല്ലാം തികഞ്ഞ കേരളക്കരയിലെ മഹാരാജാവ്, വാർധക്യത്തിലും തളരാത്ത ആകാരവടിവിനും ഉടമ. ആനപ്രേമികളുടെ ആരാധനപാത്രം. കഴിഞ്ഞദിവസം ചരിഞ്ഞ മംഗലാംകുന്ന് ഗണപതിയെന്ന ഗജ മുത്തച്ഛനെ കുറിച്ചു പറഞ്ഞാൽ മംഗലാംകുന്നുകാർക്ക് മാത്രമല്ല കേരളത്തിലെ ആനപ്രേമികൾക്കെല്ലാം നൂറുനാവാണ്.
ഉത്സവത്തിന് ഗണപതി വരുന്നുണ്ടെന്നറിഞ്ഞാൽ ആ വശ്യസൗന്ദര്യം ആസ്വദിക്കാൻ ആനപ്രേമികളെല്ലാം ഓടിയെത്തുന്നത് പതിവു കാഴ്ചയായിരുന്നു.ഉത്സവത്തിന് ഗണപതി വരുന്നുവെന്നറിഞ്ഞാൽ വഴിക്കണ്ണുമായി കാത്തിരുന്ന് ആ തലയെടുപ്പ് അസ്വദിക്കാത്തവർ ചുരുക്കം. ഉത്സവപ്രേമികൾക്കും ആനക്കന്പക്കാർക്കും ഗണപതി സ്വന്തമാകുന്നത് സൗമ്യമായ സൗന്ദര്യത്തികവിനോടുള്ള ആരാധനകൊണ്ടാണ്.
ഒരിക്കൽ പിരായിരിയിൽ ഗണപതി ചെറിയതോതിൽ അനുസരണക്കേട് കാട്ടി. മണിക്കൂറുകൾക്കകം ആനയെ തളച്ചു. തളച്ച പറന്പിന്റെ അയൽപക്കക്കാരാണ് ആനയുടെ സംരക്ഷണത്തിന് പിന്നീട് നേതൃത്വം നല്കിയത്. ദിവസങ്ങൾക്കുശേഷം ഗണപതിയെ മംഗലാംകുന്നിലേക്ക് തിരികെക്കൊണ്ടു പോകുന്പോൾ മാലയും കുറിയുമണിയിച്ച് ശിങ്കാരിമേളവും ഒരുക്കിയാണ് പിരായിരി ദേശക്കാരും ഉത്സവകമ്മിറ്റിയും വിട നല്കിയത്.
അന്ന് ഗണപതി ഇടഞ്ഞവാർത്ത പത്രങ്ങളിൽ നല്കരുതെന്ന അപേക്ഷയുമായി എത്തിയത് ആന ഉടമകളായിരുന്നില്ല, മറിച്ച് ആനപ്രേമികളുടെ ഒരു സംഘമായിരുന്നു. കേരളത്തിൽ അപൂർവമായേ മറ്റൊരാനയ്ക്ക് അവകാശപ്പെടാനാകൂ. പാലക്കാടും തൃശൂരും ഗണപതി ഫാൻസ് അസോസിയേഷനുകളുമുണ്ട്.
കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാർ വാങ്ങി. തുടർന്ന് കുറേക്കാലം തിരുവിതാംകൂറിലെ വ്യവസായ ഗ്രൂപ്പായ പോബ്സണ് ഗ്രൂപ്പിേൻറതായിരുന്നു ഗണപതി. ഇവരിൽനിന്ന് സിനിമാതാരം ബാബു നന്പൂതിരി വാങ്ങി. 1989-90-ലാണ് അന്നത്തെ മോഹവിലയായ 3.50 ലക്ഷം നല്കി ഗണപതിയെ മംഗലാംകുന്നുകാർ സ്വന്തമാക്കുന്നത്.
പിന്നീട് ലക്ഷങ്ങൾ വാഗ്ദാനം നല്കി പലരും ഗണപതിയെ സ്വന്തമാക്കാൻ മോഹിച്ചെങ്കിലും എത്ര വൻതുക നല്കിയാലും ഗണപതിയെന്ന ഐശ്വര്യം പടിയിറക്കിവിടാൻ മംഗലാംകുന്നുകാർ തയാറായില്ല. 298 സെന്റീമീറ്റർ ഉയരമുള്ള ഗണപതിക്ക് 18 നഖം, ഇഴഞ്ഞ തുന്പി, എടുത്ത കൊന്പുകൾ, ഉയർന്ന മസ്തകം തുടങ്ങി ലക്ഷണശാസ്ത്രം അപ്പാടെ ഗണപതിയിൽ കൊത്തിവച്ചിരിക്കുകയാണ്. ആനകേരളത്തിലെ ഈ ഗജരാജ ലക്ഷണ പെരുമാളിനു ആദരാഞ്ജലികൾ അർപ്പിക്കാൻ മംഗലാംകുന്ന് ആനകൊട്ടിലിലേക്ക് ജനപ്രവാഹമായിരുന്നു.