ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു ! മോദിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും എതിരേ മത്സരിക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത കവിതയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; കെസിആറിന്റെ മകള്‍ താന്‍ കുഴിച്ച കുഴിയില്‍ വീണതിങ്ങനെ…

നിസാമാബാദ്: ടിആര്‍എസിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന മണ്ഡമായിരുന്നു തെലങ്കാനയിലെ നിസാമാബാദ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയാണ് ഇവിടെ മത്സരിച്ചത്. എന്നാല്‍ സിറ്റിംഗ് എം.പിയായിരുന്ന കവിത ബി.ജെ.പിയുടെ അരവിന്ദ് ധര്‍മ്മപുരിയോട് 70875 വോട്ടുകള്‍ക്കാണ് പരാജയപ്പെടുകയാണുണ്ടായത്. കവിതയ്ക്കെതിരെ മത്സരിച്ച 176 കര്‍ഷര്‍ എല്ലാവരും കൂടി ചേര്‍ന്ന് പിടിച്ചത് 98000 വോട്ടുകളും. 179 കര്‍ഷകര്‍ ഉള്‍പ്പെടെ 186 സ്ഥാനാര്‍ത്ഥികളാണ് നിസാമാബാദില്‍ മത്സരിച്ചത്.

ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച നിസാമാബാദില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പിടിച്ച ഓരോ വോട്ടും വിജയിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. സിറ്റിംഗ് സീറ്റില്‍ കവിതയെ പരാജയപ്പെടുത്തിയത് തന്റെ തന്നെ ഐഡിയയാണെന്ന് അറിയുമ്പോഴാണ് പരാജയത്തിന്റെ ആഘാതം കുടുതല്‍ വ്യക്തമാകുന്നത്. കര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ മത്സരിക്കാന്‍ കവിത ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആഹ്വാനം തിരിച്ചടിക്കുകയും കര്‍ഷകര്‍ കവിതയ്ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

ടി.ആര്‍.എസിന്റെ രാജ്യസഭാംഗമായ ധര്‍മ്മപുരി ശ്രീനിവാസിന്റെ മകനാണ് കവിതയെ പരാജയപ്പെടുത്തിയ ഡി. അരവിന്ദ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. കവിതയെ പരാജയപ്പെടുത്താന്‍ ധര്‍മ്മപുരി ശ്രീനിവാസ നടത്തിയ നീക്കങ്ങളും വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകും. എന്തായാലും പണി പാലുംവെള്ളത്തില്‍ കിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts