സോഷ്യല്‍മീഡിയ വഴി പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നവരില്‍ പ്രധാനികളാണ്, സിനിമാ പ്രവര്‍ത്തകര്‍. ചിത്രങ്ങളുടെ അടിയില്‍ മോശം കമന്റുകള്‍ ഇടുക, വ്യക്തിപരമായി അപമാനിക്കുക, വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുക പോലുള്ള ശല്യങ്ങള്‍ ഇക്കൂട്ടര്‍ നിരന്തരം ചെയ്യുന്നവയാണ്.
സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞയാളുടെ കള്ളക്കള്ളിയാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജൂഡിന്റെ സംവിധാന സഹായിയെന്ന പേരില്‍ ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്.
നടി അപര്‍ണ ബാലമുരളിയെ ആണ് ഇയാള്‍ ഫേസ്ബുക്കിലൂടെ കബളിപ്പിക്കാന്‍ നോക്കിയത്. താന്‍ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും നടിക്ക് അയച്ച മെസേജില്‍ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് അപര്‍ണ അനുയോജ്യയാണ്. കോണ്‍ടാക്ട് നമ്പറിനായി ‘അമ്മ’ യില്‍ ബന്ധപ്പെട്ടപ്പോള്‍ താങ്കള്‍ അംഗമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യണം. ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട് ഇതായിരുന്നു ‘അസിസ്റ്റന്റി’ന്റെ സന്ദേശം.
ഇതിന് അപര്‍ണ മറുപടിയും നല്‍കി. തന്റെ നമ്പര്‍ ജൂഡ് ചേട്ടന്റെ കയ്യില്‍ ഉണ്ട്. അദ്ദേഹത്തില്‍ നിന്ന് വാങ്ങാന്‍ നടി പറഞ്ഞു. അപാകത തോന്നിയ അപര്‍ണ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ജൂഡിന് കൈമാറി. അപ്പോഴാണ് തനിക്ക് അങ്ങനൊരു സംവിധാന സഹായി ഇല്ലെന്നു ജൂഡ് പറയുന്നത്. തുടര്‍ന്ന് അപര്‍ണയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. തന്റെ സഹായി എന്ന പേരില്‍ സിനിമാരംഗത്തുള്ള പ്രശസ്തര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന തട്ടിപ്പുകാരന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്ക് അങ്ങനൊരാളില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിട്ട് തന്നെ അറിയിക്കണമെന്നും പോസ്റ്റില്‍ ജൂഡ് കുറിച്ചു.