കോഴിക്കോട്: സംസ്ഥാനത്ത് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഘടിപ്പിക്കാത്ത ടാക്സികള്‍ക്ക് ഫിറ്റ്നസ് നല്‍കില്ലെന്ന തീരുമാനത്തിലുറച്ച് മോട്ടോര്‍വാഹനവകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ നിയമം കര്‍ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജിപിഎസ് ഘടിപ്പിക്കാതെ രണ്ടു ദിവസം കൂടി മാത്രമേ ടാക്സികള്‍ക്ക് നിരത്തിലിറങ്ങാനാവൂ. വര്‍ധിച്ച ഇന്‍ഷുറന്‍സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്‍ലൈന്‍ സര്‍വീസുകളും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ടാക്സിക്കാര്‍ക്ക് ജിപിഎസ് ഇരട്ടി പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്നാണ് പറയുന്നത്.
അരലക്ഷം രൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്‍ക്കും ജീപ്പുകള്‍ക്കും വരെ പതിനായിരം രൂപയിലധികം വിലയുള്ള ജിപിഎസ് സംവിധാനം ഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ജിപിഎസ് നടപ്പാക്കേണ്ട വാഹനങ്ങളില്‍ പുതിയവയെ മാത്രം ഉള്‍പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്സികളെ നടപടിയില്‍ നിന്ന് ഒഴിച്ചുനിര്ത്തണമെന്നാണ് ടാക്സി മേഖലയിലെ യൂണിയനുകളുടെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ടവര്‍ക്ക് ിവേദനം സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാറിന് നിര്‍ദേശപ്രകാരമാണ് എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്് ട്രാക്കിംഗ് യൂണിറ്റുകള്‍ വഴി ജിപിഎസ് സംവിധാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതുവഴി വേഗത, റൂട്ട്, നിയമലംഘനങ്ങള്‍ എന്നിവ എളുപ്പം കണ്ടെത്താനാവും. മോട്ടോര്‍വാഹനവകുപ്പിന്റെ ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമും ജില്ലാതല മിനി കണ്ട്രോള് റൂമുകളും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനാവും. ബസുകളും ലോറികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കും ജൂണ്‍ മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.
ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കോഴിക്കോട്: ജിപിഎസ് ഘടിപ്പിക്കേണ്ട വാഹനങ്ങളില്‍ പുതിയവയെ മാത്രം ഉള്‍പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്സികളെ ഒഴിച്ചുനിര്ത്തണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. നിയമം ജൂണ്‍ ഒന്നു മുതല്‍ തന്നെ നടപ്പാക്കും. മറ്റുള്ള കാര്യങ്ങളൊക്കെ വിശദമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
കാലപ്പഴക്കം ചെന്ന ടാക്സികളെ നടപടിയില്‍ നിന്ന് ഒഴിച്ചുനിര്ത്തണമെന്നാണ് ടാക്സി മേഖലയിലെ യൂണിയനുകളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് നടപ്പാക്കുന്നതിന് മുമ്പാണ് ടാക്സി വാഹനങ്ങളില്‍ ജിപിഎസ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന് ടാക്സി ഉടമകള്‍ പരാതിപ്പെട്ടിരുന്നു.