തുറവൂർ: തീരദേശ ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അന്ധകാരനഴി വടക്കേപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങി. നിലവിൽ പാലത്തിന്റെ കൈവരികളുടെ നിർമാണമുൾപ്പെടെ പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാകുന്നതോടെ ഇത് സഞ്ചാരയോഗ്യമാകും.
ഫോർട്ട് കൊച്ചി തോട്ടപ്പള്ളി തീരദേശ റോഡിലെ പ്രധാന പാലമായിരുന്നു അന്ധകാരനഴി പാലം. നിലവിൽ വടക്കേ സ്പിൽവേ പാലത്തിലൂടെയാണ് ഗതാഗതം നടത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുന്പുതന്നെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര സർക്കാർ നിരോധിച്ചിട്ടുള്ളതാണ്.
എങ്കിലും മറ്റു മാർഗം ഇല്ലാത്തതിനാൽ ഇപ്പോഴും ഈ പാലത്തിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്ര. തുറമുഖ വകുപ്പിന്റെ കീഴിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയായത്. നിരവധി കരാറുകൾ മാറി മാറി നൽകിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക് എത്തി നിൽക്കുന്നത്.
സുനാമിക്ക് ശേഷമാണ് അന്ധകാരനഴി വടക്കേപാലത്തിന്റെയും തെക്കേപാലത്തിന്റെയും പണി ആരംഭിച്ചത്. തെക്കേപ്പാലം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തികരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിനു ശേഷം ഒച്ചിഴയുന്ന വേഗത്തിലായിരുന്നു പാലത്തിന്റെ നിർമാണം പുരോഗമിച്ചിരുന്നത്.
ഇതേ തുടർന്ന് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ശക്തമായ സമരങ്ങൾ നടത്തി. അവസാനമായി യുവജ്യോതി കെസിവൈഎം റിലേ സത്യഗ്രഹവും നടത്തി. ഇതേ തുടർന്ന് ജില്ലാ കളക്ടറും സർക്കാരും നേരിട്ട് ഇടപെടുകയും സമയബന്ധിതമായി പാലം പണി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ തീരദേശത്തിന്റെ സമഗ്ര വികസനത്തിന് വേഗം കുടുമെന്നാണ് പ്രതീക്ഷ .