റെനീഷ് മാത്യു
കണ്ണൂർ: നരേന്ദ്രമോദിയെ ഗാന്ധിജിയോട് ഉപമിച്ചും മോദിയുടെ വിജയത്തെ മഹാവിജയമെന്നും വിശേഷിപ്പിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസിൽ അതൃപ്തി. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്നു കെപിസിസി നേതൃയോഗം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കാനാണ് സാധ്യത.
മോദിയെ പ്രകീർത്തിച്ച് പ്രസംഗിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തത്. വികസനത്തിനും രാഷ്ട്രീയത്തിനും അതീതമായ നിലപാടുകൾ സ്വീകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു മാതൃകയാക്കണമെന്നും പ്രവാസികൾ നല്കിയ സ്വീകരണചടങ്ങിൽ സിപിഎമ്മിലായിരിക്കെ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തെ തുടർന്ന് 2009 ജനുവരി 17 ന് സിപിഎമ്മിന്റെ മയ്യിൽ ഏരിയാ കമ്മറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
2009 മാർച്ച് ഏഴിന് എ.പി.അബ്ദുള്ളക്കുട്ടിയെ സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും കണ്ണൂർ ജില്ലാ കമ്മറ്റി പുറത്താക്കുകയും ചെയ്തിരുന്നു. കേരളം ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും ബന്ദുകളുമാണ് ഇതിനു കാരണമെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചതും വിവാദമായിരുന്നു.
2009 ഏപ്രിലിൽ അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ ചേർന്നു. 2009 നവംബർ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്കിയിരുന്നില്ല. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയെ കാസർഗോഡ്, വടകര എന്നീ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുവാൻ ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു.
എന്നാൽ, അവസാന നിമിഷം ഇതു പിൻവലിക്കുകയായിരുന്നു. ഇതിൽ അബ്ദുള്ളക്കുട്ടി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അബ്ദുള്ളക്കുട്ടിയുമായി അനുരജ്ഞന ചർച്ച നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ആദ്യഘട്ടത്തിൽ സുധാകരന്റെ പ്രചാരണങ്ങളിൽ സജീവമായിരുന്നുവെങ്കിലും പിന്നീട് പിൻവലിയുകയായിരുന്നു.